ബെയ്ജിങ്: ചൈനയിൽ ഏറ്റവും ജനപ്രിയമായ ഖുർആൻ ആപ്പുകളിലൊന്നായ ഖുർആൻ മജീദ് ആപ്പിൾ ആപ്പ്സ്റ്റോറിൽനിന്ന് നീക്കം ചെയ്തു. അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ആഗോളതലത്തിൽ ആപ്പ്സ്റ്റോറിൽ ലഭ്യമായിരുന്ന ആപ്ലിക്കേഷനാണ് ഖുർആൻ മജീദ്. ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഒന്നരലക്ഷത്തിലേറെ റിവ്യൂ ഉള്ള ആപ്ലിക്കേഷനാണിത്.
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതു കൊണ്ടാണ് ആപ്പ് നീക്കം ചെയ്തതെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിരീക്ഷിക്കുന്ന ആപ്പിൾ സെൻസർഷിപ്പ് എന്ന വെബ്സൈറ്റാണ് ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
ചൈനീസ് അധികൃതരിൽ നിന്ന് അനുമതികൾ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് തങ്ങളുടെ ഖുർആൻ മജീദ് ആപ്പ് ആപ്പ്സ്റ്റോറിൽ നീക്കം ചെയ്തത് എന്നാണ് ആപ്പിൾ പറയുന്നതെന്ന് നിർമാതാക്കളായ പി.ഡി.എം.എസ്. അറിയിച്ചു.
പ്രശ്നം പരിഹരിക്കാൻ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ഇന്ത്യയുമായി ചർച്ചനടത്താനുള്ള ശ്രമത്തിലാണെന്നും കമ്പനി പറഞ്ഞു. പത്ത് ലക്ഷത്തിനടുത്ത് ഉപഭോക്താക്കളാണ് ആപ്പിന് ചൈനയിലുണ്ടായിരുന്നത്.
ചൈനയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതമാണ് ഇസ്ലാം. അതേസമയം, ഷിൻജിയാങിലെ ഉയിഗുർ മുസ്ലീങ്ങൾക്ക് നേരയുള്ള അതിക്രമങ്ങളുടെ പേരിൽ ഭരണകൂടം പ്രതിക്കൂട്ടിലാണ്. വംശഹത്യയും ആരോപിക്കപ്പെടുന്നുണ്ട്.