ന്യൂയോർക്ക്: തൊഴിൽ അധിഷ്ഠിത സോഷ്യൽ മീഡിയാ നെറ്റ് വർക്കായ ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. പ്രവർത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്നും കമ്പനി പറയുന്നു. വിദേശ ടെക് കമ്പനികൾക്ക് മേൽ ചൈന നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
ലിങ്ക്ഡ് ഇൻ പകരം ജോലിയ്‍ക്ക് അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേകം ആപ്ലിക്കേഷൻ ചൈനയിൽ അവതരിപ്പിക്കും. എന്നാൽ ലിങ്ക്ഡ് ഇനിൽ ഉണ്ടായിരുന്നത് പോലെ നെറ്റ് വർക്ക് ഫീച്ചറുകൾ ഉണ്ടാവില്ല എന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റ് മോഹക് ഷ്റോഫ് പറഞ്ഞു.
ലിങ്ക്ഡ് ഇൻ സൈറ്റിലെ ഉള്ളടക്കങ്ങൾ പുനഃപരിശോധിക്കാൻ സമയപരിധി നൽകിയിരിക്കുകയാണ് ചൈനീസ് അധികൃതർ.
2014 ലാണ് ലിങ്ക്ഡ് ഇൻ ചൈനയിൽ ആരംഭിച്ചത്. തൊഴിൽ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്‌യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇൻന്റെ പ്രവർത്തനം.
ലിങ്ക്ഡ് ഇന് പകരമായി ഇൻജോബ്സ് എന്ന് ആപ്ലിക്കേഷനാണ് ചൈനയിൽ അവതരിപ്പിക്കുക.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ചൈനയിൽ സ്വകാര്യ കമ്പനികൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾക്കാണ് ഭരണകൂടം ശ്രമിക്കുന്നത്.
ഒരു ദശാബ്ദക്കാലമായി ഫെയ്സ്ബുക്കിനും ട്വിറ്ററിനും രാജ്യത്ത് നിരോധനമുണ്ട്. സൈബർ ആക്രമണങ്ങളും സെൻസർഷിപ്പും രൂക്ഷമായതോടെ 2010 വൽ ഗൂഗിളും ചൈന വിട്ടിരുന്നു.