ഷാര്ജ > ഷാര്ജ പുസ്തകോത്സവം നവംബര് 3 ന് ആരംഭിക്കും. 2021ല് നടക്കുന്ന നാല്പതാമത് എഡിഷനില് 83 രാജ്യങ്ങളില് നിന്നുള്ള 1566 പ്രസാധകര് പങ്കെടുക്കും. എണ്ണമറ്റ പുസ്തകങ്ങള് പ്രദര്ശനത്തിനെത്തുന്ന ഷാര്ജ പുസ്തകോത്സവം ഈ വര്ഷം നവം 3 മുതല് 13 വരെയാണ്. ഇതിന്റെ ഭാഗമായുള്ള ചടങ്ങുകളില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും നിരവധി സാഹിത്യ പ്രതിഭകളാണ് പങ്കെടുക്കുക. കേരളത്തില് നിന്നും ഒട്ടേറെ എഴുത്തുകാര് ഇത്തവണയും പങ്കെടുക്കുന്നുണ്ട്. നോബല് സാഹിത്യ ജേതാവ് താന്സാനിയന് നോവലിസ്റ്റ് അബ്ദുല് റസാഖ് ഖുര്ന, ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷ്, മോട്ടിവേഷണല് സ്പീക്കര് ക്രിസ് ഗാര്ഡ്നര്, യാസ്മിന ഖദ്ര, ചേതന് ഭഗത് തുടങ്ങിയ പ്രമുഖര് ഇത്തവണ പുസ്തകോത്സവത്തിലെ അതിഥികളാണ്. വിവിധ രാജ്യങ്ങളില് നിന്നും പങ്കെടുക്കുന്ന എഴുത്തുകാരുടേയും മറ്റു പ്രമുഖരുടേയും വിശദാംശങ്ങള് വരും ദിവസങ്ങളില് അറിയിക്കുമെന്ന് ഷാര്ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹ്മദ് അല് അമീരി വ്യക്തമാക്കി.
10,000 സ്ക്വയര് മീറ്റര് വിസ്താരമുള്ള പ്രദര്ശന നഗരിയില് 637 ഇന്റര്നാഷണല് പ്രസാധകരും, 929 അറബ് പ്രസാധകരും ആയിരക്കണക്കിനു പുസ്തകങ്ങള് പ്രദര്ശിപ്പിക്കും. ഇന്ത്യയില് നിന്ന് 87 പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ഏറ്റവും കൂടുതല് പ്രസാധകര് ഈജിപ്തില് നിന്നാണ്. 295 പ്രസാധകരാണ് അവിടെ നിന്നും എത്തുന്നത്. യു എ ഇ (138) യു കെ (138), ലബനോന് (112), സിറിയ (93), ജോര്ദാന് (76) എന്നീ രാജ്യങ്ങളില് നിന്നാണ് കൂടുതലായി എത്തുന്ന മറ്റു പ്രസാധകര്.
ഈ വര്ഷത്തെ അതിഥി രാജ്യമായ സ്പെയിനിന്റെ യു എ ഇ അംബാസഡര് ലിനിഗോ ഡി പ്ലാഷിയോ എക്സ്പാനയും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു. സ്പെയിന് മാസ്റ്റര് പീസ് ആയ ലാ കാറാംബാ സംഗീത വിരുന്ന് ഇത്തവണ പ്രദര്ശനത്തിനെത്തുന്നവര്ക്ക് ആസ്വദിക്കാനാകും.
വിവിധ വിഷയങ്ങളില് സംവാദം, കലാപരിപാടികള്, കുക്കറി ഷോ എന്നിങ്ങനെ വൈവിധ്യമാര്ന്ന പരിപാടികള് കൊണ്ട് സമ്പന്നമായിരിക്കും ഇത്തവണയും ഷാര്ജ പുസ്തകോത്സവം. കോവിഡ് നിയന്ത്രണത്തിനു ശേഷമുള്ള ഒത്തുകൂടലില് കോവിഡിന് മുന്പുണ്ടായിരുന്നതിനു സമാനമായ രീതിയില് സന്ദര്ശകര് എത്തുമെന്നാണ് സംഘാടകര് പ്രതീക്ഷിക്കുന്നത്. 11 ദിവസം നീണ്ടു നില്ക്കുന്ന പ്രദര്ശനത്തിന്റെ പ്രവേശനം സൗജന്യവും, കോവിഡ് നിയന്ത്രണങ്ങള് പാലിച്ചു കൊണ്ടും ആയിരിക്കും.