ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ നാലുകർഷകർ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. എന്നാൽ, അതിന്റെ പേരിൽ കേന്ദ്രസർക്കാർ വലിയ പ്രതിരോധത്തിലാണെന്ന വാർത്തകൾ ശരിയല്ല. കേന്ദ്രമന്ത്രിസഭയിൽ തന്റെ സഹപ്രവർത്തകന്റെ മകൻ വലിയ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്നു. അവരാണ് ആ പ്രശ്നത്തിന് പിന്നിലെന്നും മറ്റാരും അതിനുപിന്നിൽ ഇല്ലെന്നുമാണ് അനുമാനം. അന്വേഷണം നിയമാനുസൃതം പൂർത്തിയാകും– നിർമല സീതാരാമൻ പ്രതികരിച്ചു.
അമേരിക്ക സന്ദർശിക്കുന്ന -അവർ ഹർവാർഡ് കെന്നഡി സ്കൂളിലെ മുഖാമുഖം പരിപാടിയിലാണ് ലഖിംപുർ ഖേരിയെ കുറിച്ച് പ്രതികരിച്ചത്. പ്രധാനമന്ത്രിയോ മുതിർന്ന കേന്ദ്രമന്ത്രിമാരോ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സർക്കാർ പ്രതിരോധത്തിലാണോയെന്നുമായിരുന്നു ചോദ്യം.
ഇന്ത്യയിൽ പല ഭാഗത്തും ലഖിംപുർ ഖേരിയിൽ ഉണ്ടായതുപോലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതിനെയെല്ലാം അപലപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാൽ ഉത്തർപ്രദേശിൽ നടക്കുന്ന സംഭവങ്ങളെ മാത്രം അപലപിക്കുന്ന പ്രവണത ശരിയല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ്മിശ്ര അറസ്റ്റിലാണ്.