ന്യൂഡൽഹി
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽപ്രദേശ് സന്ദർശനത്തോട് വിയോജിച്ച ചൈനീസ് നിലപാടിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റ് ഏതൊരു സംസ്ഥാനവും സന്ദർശിക്കുന്നതുപോലെ ഇന്ത്യൻ നേതാക്കൾ അവിടെ പതിവായി പോകുമെന്നും വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിയന്ത്രണരേഖയിലെ സംഘർഷത്തിന് വേഗത്തിൽ പരിഹാരം കാണാനായി ചൈന പ്രവർത്തിക്കണമെന്നും പറഞ്ഞു.
വടക്കു കിഴക്കൻ പര്യടനത്തിനിടെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ രണ്ടു ദിവസം അരുണാചൽ സന്ദർശിച്ചത്. വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോഴാണ് ചൈനീസ് വിദേശ വക്താവ് ഷാവോ ലിജിയാൻ വിയോജിപ്പ് അറിയിച്ചത്. അരുണാചലിനെ ചൈന അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യൻ നേതാക്കൾ അവിടെ സന്ദർശിക്കുന്നതിനോട് കടുത്ത വിയോജിപ്പാണെന്നും ലിജിയാൻ പറഞ്ഞു.