ഓസ്ട്രേലിയൻ ശാസ്ത്ര രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന യുറേക്ക അവാർഡുകളുടെ അന്തിമ പട്ടികയിൽ സൗത്ത് ഓസ്ട്രേലിയൻ മലയാളി മരിയ പറപ്പിള്ളി OAM നയിക്കുന്ന STEM അക്കാഡമി ഇടം നേടി.
ഹൈസ്കൂൾ പെൺകുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്താൻ സഹായിക്കുന്ന പദ്ധതി വിജയകരമായി നയിച്ചതാണ് അക്കാഡമിയുടെ പ്രധാന സംഭാവന.
STEM രംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സൗത്ത് ഓസ്ട്രേലിയിലുള്ള അസോസിയേറ്റ് പ്രൊഫസർ മരിയ പറപ്പിള്ളി OAM നയിക്കുന്ന പദ്ധതി ശാസ്ത്ര രംഗത്തെ നേട്ടങ്ങൾക്ക് യുറേക്ക പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടി.
Department of Industry, Science, Energy and Resources Eureka Prize for STEM Inclusion എന്ന വിഭാഗത്തിലാണ് ഫ്ലിൻഡേഴ്സ് സർവകലാശാലയിലെ STEM Enrichment Academy മൂന്ന് ഫൈനലിസ്റ്റുകൾ ഉൾപ്പെടുന്ന അന്തിമ പട്ടികയിൽ ഇടം നേടിയത്.
STEM വിഷയങ്ങളിൽ കൂടുതൽ പെൺകുട്ടികൾ എൻറോൾ ചെയ്യാൻ ഈ പദ്ധതി സഹായിച്ചതാണ് യുറേക്ക അവാർഡിനുള്ള അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് എന്ന് അക്കാഡമിയുടെ ഡയറക്ടർ മരിയ പറപ്പിള്ളി പറഞ്ഞു.
ദേശീയ ശരാശരിയേക്കാൾ കൂടുതൽ പെൺകുട്ടികൾ സൗത്ത് ഓസ്ട്രേലിയയിലെ 11 ആം ക്ളാസിൽ STEM വിഷയങ്ങൾ തെരെഞ്ഞെടുത്തതായി മരിയ പറപ്പിള്ളി ചൂണ്ടിക്കാട്ടി. STEM Enrichment Academy യുടെ പദ്ധതി ഇതിൽ വലിയ സ്വാധീനം ചെലുത്തിയതായി മരിയ പറഞ്ഞു.
പ്രൊഫസർ ക്ലെയർ ലെനേഹൻ, വനേസ്സ ലോബൻ, അസ്സോസിയേറ്റ് പ്രൊഫസർ മരിയ പറപ്പിള്ളി കൂടാതെ എമിരിറ്റസ് പ്രൊഫസർ ഡേവിഡ് ഡേ എന്നവരാണ് പദ്ധതിയിലെ അംഗങ്ങൾ.
ശാസ്ത്ര വിഷയങ്ങളുടെ പഠനം കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ സഹായിക്കുന്ന പദ്ധതി സൗത്ത് ഓസ്ട്രേലിയയിൽ നൂറ് കണക്കിന് പെൺക്കുട്ടികളെ സഹായിച്ചതായി അക്കാഡമിയുടെ ഡയറക്ടർ മരിയ പറപ്പിള്ളി ചൂണ്ടിക്കാട്ടി.
ലേസറുകളും, ലെഗോയും, റോബോട്ടുകളും ഒക്കെയാണ് പഠനം രസകരമാക്കുന്നതിന് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്.
STEM വിഷയങ്ങൾ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് മരിയ പറപ്പിള്ളി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ബഹിരാകാശ പദ്ധതികൾ ഉൾപ്പെടെ നിരവധി പുതിയ സംരംഭങ്ങൾ ഓസ്ട്രേലിയയിൽ സജീവമാകുന്ന കാര്യം മരിയ ചൂണ്ടിക്കാട്ടി.
ആദിമ വർഗ സമൂഹത്തിൽ STEM പ്രചരിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച Corey Tutt and Team DeadlyScience എന്ന പദ്ധതിക്കാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്.
കടപ്പാട്: SBS മലയാളം