മലയാളി ഫിൻടെക് സ്റ്റാർട്ടപ്പ് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസിൽ 735 കോടിയുടെ രൂപയുടെ നിക്ഷേപം നടത്തി ഗൂഗിളും സിംഗപ്പുർ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വെൽത്ത് ഫണ്ടായ തെമാസെക്കും. ഇവരെ കൂടാതെ എസ്.ബി.ഐ ജപ്പാൻ, നിലവിലുള്ള നിക്ഷേപകരായ ടൈഗർ ഗ്ലോബലും 3one4 ക്യാപിറ്റൽ എന്നിവരും സീരീസ് സി റൗണ്ടിലുള്ള ഈ മൂലധന സമാഹരണത്തിൽ പങ്കാളികളായി.
പെരിന്തൽ മണ്ണ സ്വദേശിയായ അനീഷ് അച്യുതൻ, ഭാര്യ തിരുവല്ല സ്വദേശി മേബൽ ചാക്കോ, അനീഷിന്റെ സഹോദരൻ അജീഷ് അച്യുതൻ, ടാക്സി ഫോർ ഷുവർ സി.എഫ്.ഒ ആയിരുന്ന മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവർ ചേർന്ന് 2017 ൽ പെരിന്തൽമണ്ണയിൽ തുടങ്ങിയ സംരംഭമാണിത്. ഇപ്പോൾ ബെംഗളുരുവിലാണ് പ്രവർത്തനം. ഏതാണ്ട് 750 കോടി രൂപയാണ് ഇപ്പോൾ കമ്പനി സമാഹരിച്ചത്.
എംഎസ്എംഇകൾ, ചെറുകിട-ലഘു വ്യവസായങ്ങൾ, സ്റ്റാർട്ട്അപ്പുകൾ പോലുള്ളവ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിങ് പ്ലാറ്റഫോം ആണ് ഓപ്പൺ. 20 ലക്ഷത്തിനടത്തു എസ്. എം. ഇ. കൾ ഉപയോഗികയും, 20 ബില്യൺ ഡോളറിലധികം വാർഷിക ഇടപാടുകൾ ഓപ്പൺ പ്ലാറ്റ്ഫോമിൽ നടത്തുകയും ചെയ്‌യുന്നു.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് നിയോ ബാങ്കിങ് പ്ലാറ്റഫോം ആയി തങ്ങൾ മാറിക്കഴിഞ്ഞുവെന്നും 20 ലക്ഷത്തിനടുത്തു ഇന്ത്യൻ ബിസിനസ്സുകൾ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഓപ്പൺ സിഇഓ അനീഷ് അച്യുതൻ പറഞ്ഞു.
എംബഡഡ് ഫിനാൻസ്, എന്റർപ്രൈസ് ബാങ്കിങ് എന്നിവയിൽ കൂടുതൽ ശ്രദ്ധ പുലർത്തി അടുത്ത അഗസ്റ്റിലോടു കൂടി 50 ലക്ഷം എസ്.എം.ഇകളിലേക്ക് സേവനങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സ്വിച്ച്, എംബെഡഡ് ഫിനാൻസ് പ്ലാറ്റ്ഫോം, ഇന്ത്യയിലെ 15 ൽ പരം ബാങ്കുകൾ ഉപയോഗിക്കുന്ന ക്ളൗഡ് നേറ്റീവ് എസ്.എം.ഇ. ബാങ്കിങ് പ്ലാറ്റഫോം – ബാങ്കിങ് സ്റ്റാക്ക് എന്നീ ഓപ്പണിന്റെ പുതിയ സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും നേതൃനിരയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ടെക്നോളജി, പ്രോഡക്റ്റ്, ബിസിനസ് ഡെവലപ്മെന്റ് എന്നിവയിലായി 800 ൽ പരം നിയമനങ്ങൾ നടത്താനും ഫണ്ടിങ് ഉപയോഗിക്കുമെന്നും ഓപ്പൺ വാർത്താകുറിപ്പിൽ പറഞ്ഞു.