കാലിഫോർണിയ: ആഗോളതലത്തിൽ ചിപ്പ് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഐഫോൺ ഉത്‌പാദനം നിയന്ത്രിക്കാനൊരുങ്ങി ആപ്പിൾ. ഈ വർഷം നിർമിക്കാനുദ്ദേശിച്ച ഐഫോൺ 13 മോഡലുകളുടെ എണ്ണം കുറയ്‍ക്കും.
ഒമ്പത് കോടി പുതിയ ഐഫോൺ മോഡലുകൾ ഈ വർഷം നിർമിക്കാമെന്നായിരുന്നു ആപ്പിളിന്റെ പ്രതീക്ഷ. എന്നാൽ ബ്രോഡ്കോം ഐഎൻസി, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ കമ്പനികൾ അനുബന്ധ വസ്തുക്കൾ എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നതിനാൽ എണ്ണം കുറയ്ക്കേണ്ടി വരുമെന്നാണ് ആപ്പിൾ നിർമാണ പങ്കാളികളെ അറിയിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ ആപ്പിളിന്റെ പുതിയ ഫോണുകളുടെ വിതരണ ശൃംഖലയെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് ഫോണുകൾ സെപ്റ്റംബറിൽ തന്നെ വിൽപനയ്‍ക്ക് വെച്ചിട്ടുണ്ടെങ്കിലും ഒരുമാസമായി ആപ്പിൾ വെബ്സൈറ്റിൽ നിന്നുമുള്ള ഓർഡറുകളുടെ വിതരണം നടന്നിട്ടില്ല. കമ്പനിയുടെ പല റീടെയിൽ സ്റ്റോറുകളിലും പുതിയ ഫോണുകൾ നിലവിൽ ലഭ്യമല്ല എന്ന അറിയിപ്പാണ് കാണിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചിപ്പ് പ്രതിസന്ധി രൂക്ഷമായത്. കാർ നിർമാണ വ്യവസായം ഉൾപ്പടെ സെമികണ്ടക്‍ടർ ചിപ്പുകൾ ആവശ്യമായി വരുന്ന സകലമേഖലകളും നേരത്തെ തന്നെ ഇതിന്റെ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം തന്നെ പല മുൻനിര കമ്പനികളും കാർ നിർമാണം വെട്ടിക്കുറച്ചിരുന്നു.
നേരത്തെ തന്നെ അനുബന്ധ ഉപകരണങ്ങൾ സംഭരിച്ചുവെച്ചതുകൊണ്ടാണ് ഇത്രയും നാൾ സ്മാർട്ഫോൺ വിപണിയ്‍ക്ക് പിടിച്ചുനിൽക്കാനായതെന്നാണ് വിവരം. സംഭരണത്തിലിരുന്നവ തീർന്നുതുടങ്ങിയതും സ്റ്റോക്ക് എത്താതിരിക്കുന്നതും സ്മാർട്ഫോൺ കമ്പനികളെയും ബുദ്ധിമുട്ടിലാക്കിത്തുടങ്ങിയിരിക്കുകയാണ്. അടുത്ത ഒരു വർഷം കൂടി ഈ പ്രതിസന്ധി തുടരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഈ പ്രതിസന്ധിയിൽ മറ്റ് സ്മാർട്ഫോൺ ബ്രാൻഡുകളേക്കാൾ താരതമ്യേന പിടിച്ചുനിൽക്കാൻ സാധിക്കുക ആപ്പിളിന് മാത്രമായിരിക്കുമെന്നും പറയപ്പെടുന്നു.