ഇൻസ്റ്റാഗ്രാമിൽ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ അറിയിക്കാൻ ആപ്പിനുള്ളിൽ തന്നെ സൗകര്യമൊരുങ്ങുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള ഫെയ്സ്ബുക്ക് സേവനങ്ങൾ ആഗോള തലത്തിൽ രണ്ട് തവണ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഒക്ടോബർ നാലിന് രാത്രി ആറ് മണിക്കൂറോളം നേരമാണ് ഫെയ്സ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടത്. ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്ന് മാത്രമല്ല കമ്പനിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനും ഇത് ഇടയാക്കി.
ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ പ്രവർത്തന രഹിതമാവുമ്പോൾ ട്വിറ്റർ, ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് എന്നിവയെയാണ് ഉപഭോക്താക്കൾ സാധാരണ ആശ്രയിക്കാറുള്ളത്.
എന്നാൽ ഇത്തരം പ്രശ്നങ്ങൾ കമ്പനിയെ നേരിട്ടറിയിക്കാൻ ഒരു എളുപ്പമാർഗമാണ് ഈ ഫീച്ചറിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.