ന്യൂഡൽഹി
എയർഇന്ത്യ സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കാൻ കേന്ദ്രസർക്കാരും ഉദാരവൽക്കരണവാദികളും പറയുന്നതെല്ലാം അടിസ്ഥാനരഹിതം. നഷ്ടത്തിലുള്ള എയർഇന്ത്യയെ നികുതിപ്പണം ഉപയോഗിച്ച് സംരക്ഷിക്കേണ്ടതില്ലെന്നും സ്വകാര്യഗ്രൂപ്പ് ഇതിനെ ലാഭകരമായി നടത്തുമെന്നുമാണ് വാദം. എന്നാൽ, എയർഇന്ത്യയെ വാങ്ങുന്ന ‘ടാറ്റ’യ്ക്ക് ഓഹരിനിക്ഷേപമുള്ള എയർ ഏഷ്യയും വിസ്താര എയർലൈൻസും നഷ്ടത്തിലാണ്. ടാറ്റ ഗ്രൂപ്പ്–-സിംഗപ്പുർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താരയുടെ കടബാധ്യത 11,491 കോടി രൂപയാണ്. എയർ ഏഷ്യയുടെ 2020–-21ലെ നഷ്ടം 1,532 കോടിയും.
രാജ്യത്തെയും വിദേശത്തെയും ഇതര വ്യോമയാന കമ്പനികളും നഷ്ടത്തിലാണ്. കൂടുതൽ കമ്പനികൾ വരുന്നതോടെ മത്സരം നടക്കുമെന്നും യാത്രക്കാരെ ആകർഷിക്കാൻ നിരക്കുകൾ കുറയ്ക്കുമെന്നും വാദിച്ചാണ് 1990കളിൽ രാജ്യത്ത് വ്യോമയാനമേഖല സ്വകാര്യസംരംഭകർക്ക് തുറന്നുകൊടുത്തത്. പ്രചാരണഘോഷത്തോടെ വന്ന സഹാറ, കിങ് ഫിഷർ, ജെറ്റ് എയർവെയ്സ്, എയർ ഡെക്കാൺ, എയർ കാർണിവൽ തുടങ്ങിയവയെല്ലാം പൂട്ടി. സ്വകാര്യ വ്യോമയാന കമ്പനികൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 50,000 കോടിയിൽപ്പരം രൂപയുടെ കിട്ടാക്കടം വരുത്തിയിട്ടുമുണ്ട്.
പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ സാമൂഹ്യബാധ്യത നിറവേറ്റാൻ വരുമാനം കുറഞ്ഞ സർവീസുകളും എയർഇന്ത്യ നടത്തുന്നുണ്ട്. ഇതൊക്കെ പുതിയ മാനേജ്മെന്റ് അവസാനിപ്പിക്കുന്നത് സാമൂഹികപ്രത്യാഘാതം സൃഷ്ടിക്കും. വരുമാനമുയർത്താനുള്ള പ്രധാന വഴി നിരക്ക് വർധനയാണ്. കമ്പനികളെ സഹായിക്കാൻ ആഭ്യന്തരയാത്ര നിരക്കുകൾ 15 ശതമാനം വർധിപ്പിക്കാൻ കേന്ദ്രം അനുമതി നൽകി. ഭാവിയിലും ഇത് ആവർത്തിക്കും. ടാറ്റ മികച്ച രീതിയിൽ നടത്തിവന്നത് സർക്കാർ ഏറ്റെടുത്ത് നശിപ്പിച്ചതാണെന്ന വാദവും ഉയരുന്നുണ്ട്.