നവ ഉദാരവൽക്കരണം നടപ്പാക്കിയ 30 വർഷത്തിനിടയിൽ രാജ്യത്തെ പൊതുസ്വത്തെല്ലാം വിറ്റഴിക്കുക എന്ന സമീപനമാണ് മാറി മാറി വന്ന സർക്കാരുകൾ സീകരിച്ചത്. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് പൊതുമേഖലയെ ആദ്യം നഷ്ടത്തിലാക്കുക, തുടർന്ന് സ്വകാര്യവൽക്കരിക്കുക എന്ന സമീപനമാണ് കേന്ദ്രസർക്കാർ തുടരുന്നത്. ഇതിന്റെ ഭാഗമാണ് ഇപ്പോൾ എയർ ഇന്ത്യ അതിന്റെ സ്ഥാപകരായ ടാറ്റ ഗ്രൂപ്പിന് തിരിച്ചുവിറ്റത്. ഇന്ത്യയെ ലോകമാകെ പ്രതിനിധാനംചെയ്ത ബ്രാൻഡായിരുന്നു ഒരിക്കൽ എയർ ഇന്ത്യ.
പൊതുമേഖലയിലെ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും രണ്ട് പതിറ്റാണ്ടുവരെ ലാഭകരമായിരുന്നു. എന്നാൽ, പുതിയ നൂറ്റാണ്ടിന്റെ തുടക്കംമുതൽ നടത്തിപ്പിൽ പാളം തെറ്റി. കോർപറേഷനെ സ്വകാര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യം രണ്ട് കമ്പനിയാക്കി. 2007ൽ രണ്ട് കമ്പനിയെയും ലയിപ്പിച്ച് സ്വകാര്യവൽക്കരണ നടപടി തുടങ്ങി. യുപിഎ സർക്കാരിന്റെ കാലത്ത് ആവശ്യത്തിലേറെ വിമാനങ്ങൾ വാങ്ങിക്കൂട്ടിയും പാട്ടത്തിനെടുത്തും ഭീമമായ ബാധ്യത വരുത്തി. 2014 മുതൽ മോദി സർക്കാരാകാട്ടെ സർക്കാരെന്തിന് വിമാനക്കമ്പനി നടത്തണമെന്ന ചോദ്യമുയർത്തി സ്വകാര്യവൽക്കരണനീക്കം ത്വരിതപ്പെടുത്തി. ഇന്ത്യയുടെ അഭിമാനമാണ് ടാറ്റയ്ക്ക് തുച്ഛമായ വിലക്ക് കൈമാറിയിരിക്കുന്നത്.
45,000 കോടിയുടെ ആസ്തി
എയർ ഇന്ത്യയുടെ സ്ഥിരം ആസ്തികളുടെ മൂല്യം 45,000 കോടി രൂപയാണ്. ഒരു വർഷം ശരാശരി 2.2 കോടി യാത്രക്കാർ. നിലവിൽ 12,085 ജീവനക്കാർ. ഇതിൽ 8084 പേർ സ്ഥിരവും 4001 പേർ കരാറിലും. ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുണ്ട്. അടുത്ത അഞ്ചുവർഷത്തിൽ 5000 സ്ഥിരം ജീവനക്കാർ വിരമിക്കും.
ഇന്ത്യയിൽ 4,400 ലാൻഡിങ് സ്ലോട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 1800 ഉം. വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കായി 31 കേന്ദ്രം. മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കർ ഭൂമിയും ഡൽഹി വിമാനത്താവളത്തിന് സമീപം 80 ഏക്കർ ഭൂമിയും ഉണ്ട്.
ഇന്ത്യയിലെ വ്യോമചരിത്രം ഇങ്ങനെ
1929: ജെആർഡി ടാറ്റയ്ക്ക് ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസൻസ് ലഭിച്ചു
1932 ഒക്ടോബർ 15: ടാറ്റ ഏവിയേഷൻ സർവീസ് തുടങ്ങി. 25 കിലോ കത്തുകളുമായി കറാച്ചിയിൽ നിന്ന് ബോംബെയിലെ ജുഗു എയർസ്ട്രിപ്പിലേക്ക് മെയിൽ സർവീസ് ആരംഭിച്ച് ഇന്ത്യയിലെ വ്യോമഗതാഗതത്തിന്റെ തുടക്കം. പിന്നീട് ടാറ്റ എയർലൈൻസ് ആയി.
1946: ടാറ്റ എയർലൈൻസ് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി. എയർ ഇന്ത്യയെന്ന് പേര് മാറ്റി.
1948: 49 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വാങ്ങി. എയർ ഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസ് തുടങ്ങി.
1953: എയർ ഇന്ത്യ ദേശസാൽക്കരിച്ചു. എയർ ഇന്ത്യ ഇന്റർനാഷനൽ, ഇന്ത്യൻ എയർലൈൻസ് എന്നിങ്ങനെ രണ്ടു കമ്പനി
1962: എയർ ഇന്ത്യ ഇന്റർനാഷണൽ എന്ന പേര് എയർ ഇന്ത്യ എന്നാക്കി
2000: എയർ ഇന്ത്യയുടെ 60 ശതമാനവും ഇന്ത്യൻ എയർലൈൻസിന്റെ 51 ശതമാനവും ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചു
2005: 33,000 കോടി രൂപയ്ക്ക് 50 ബോയിങ് വിമാനം വാങ്ങാൻ എയർ ഇന്ത്യ കരാറൊപ്പിട്ടു. രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ബജറ്റ് എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ് സേവനം ആരംഭിച്ചു.
2007: നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ സ്ഥാപിച്ചു. ഇന്ത്യൻ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചാണ് പുതിയ കമ്പനി സ്ഥാപിച്ചത്.
2010: വീണ്ടും എയർ ഇന്ത്യ ലിമിറ്റഡ് എന്ന് പേര് മാറ്റി
2012: സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച് 10 വർഷത്തെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.
2017: സ്വകാര്യവൽക്കരിക്കാൻ വീണ്ടും കേന്ദ്ര സർക്കാർ തീരുമാനം
2018 : 76 ശതമാനം ഓഹരി വിൽക്കാൻ തീരുമാനിച്ചു. ആരും താൽപ്പര്യം പ്രകടിപ്പിച്ചില്ല
2020: എയർ ഇന്ത്യയുടെയും ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും വിൽക്കാൻ തീരുമാനം.
2021 ഒക്ടോബർ 8: ടാറ്റ സൺസിന് 18,000 കോടി രൂപയ്ക്ക് വിറ്റു.