ന്യൂഡൽഹി
അയൽരാജ്യങ്ങൾക്കെല്ലാം സ്വന്തമായി എയർലൈൻസ് ഉള്ളപ്പോൾ ഇന്ത്യ നാണംകെട്ട അവസ്ഥയിലായെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എയർഇന്ത്യ കേന്ദ്രസർക്കാർ വിറ്റതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ പ്രതീകങ്ങളിൽ ഒന്നാണ് രാജ്യത്തിന്റെ സ്വന്തം എയർലൈൻസ്. അത് കേന്ദ്രസർക്കാർ സ്വകാര്യ കോർപറേറ്റിന് സൗജന്യ സമ്മാനമായി നൽകി.
നഷ്ടമെല്ലാം കേന്ദ്രസർക്കാർ ഏറ്റെടുത്തു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് നഷ്ടം നികത്തുക. ആസ്തികൾ സ്വകാര്യകമ്പനിക്കും കൈമാറി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് യെച്ചൂരി പറഞ്ഞു.