പാലക്കാട്
സൈന്യത്തിന് തന്ത്രപ്രധാന വാഹനങ്ങൾ നിർമിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 94 കോടി രൂപ ലാഭമുണ്ടാക്കി. വിറ്റുവരവ് 3,557 കോടിയായി. ഇത്രയും ലാഭമുണ്ടാക്കുന്ന സ്ഥാപനത്തെ വിൽക്കാനാണ് കേന്ദ്ര സർക്കാർ തിടുക്കപ്പെടുന്നത്.
12,000 കോടിയുടെ ഓർഡർ ഇപ്പോൾ ബെമലിനുണ്ട്. ബെമലിന്റെ നിയന്ത്രണമടക്കം കൈമാറാനുള്ള താൽപ്പര്യപത്രം മോദി സർക്കാർ ജനുവരി നാലിന് പ്രസിദ്ധീകരിച്ചു. തുടർന്ന് പാലക്കാട് യൂണിറ്റിലെ സ്ഥിരം തൊഴിലാളികളുടെ സംഘടനയായ ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനുവരി ആറുമുതൽ കമ്പനിപ്പടിക്കൽ സമരം തുടങ്ങി. രാജ്യരക്ഷാ വാഹനങ്ങൾ നിർമിക്കുന്ന ബെമൽ വിദേശ–- സ്വദേശ കമ്പനികൾക്ക് വിറ്റഴിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ വിൽപ്പനയിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ജനുവരി അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ ടെൻഡർ വിളിച്ച് നാല് ഇന്ത്യൻ കമ്പനികളെയും രണ്ട് വിദേശ കമ്പനികളെയും ബെമൽ വാങ്ങാനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. ബെമലിന്റെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ 600 ഏക്കർ സ്വകാര്യ കുത്തകകൾക്ക് തട്ടിയെടുക്കാനുള്ള അവസരം കേന്ദ്രസർക്കാർ ഒരുക്കുകയാണ്.