ന്യൂഡൽഹി
പാവപ്പെട്ട വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആറുമുതൽ 14 വയസ്സുവരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാണ്. നിയമപ്രകാരമുള്ള അവകാശം എല്ലാ വിദ്യാർഥികൾക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും മറ്റ് പ്രയാസങ്ങൾ നേരിടുന്നവർക്കും സൗജന്യ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കാൻ മാനേജ്മെന്റുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അൺഎയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം. പഠനസഹായം ഉറപ്പാക്കാൻ മാനേജ്മെന്റുകൾ ചെലവിട്ട തുക ഡൽഹി സർക്കാർ തിരിച്ചുകൊടുക്കണമെന്ന് കോടതി നിർദേശിച്ചു.