കൊച്ചി
ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസിലെ പൊലീസ് നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി. കായംകുളത്ത് നഴ്സിങ് അസിസ്റ്റന്റിനെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ നടപടിയെടുത്തെന്നും വ്യാപകമായ തിരച്ചിലിലൂടെ പ്രതിയെ കണ്ടെത്താനായെന്നും കോടതി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ മികവാണിത്. പൊലീസ് നടപടി പ്രശംസനീയവും അഭിനന്ദനീയവുമാണെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡ് ചികിത്സയുടെ പുതുക്കിയ നിരക്ക് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെ അഭിനന്ദിച്ചത്. ആക്രമണം സംബന്ധിച്ച സർക്കാർ പ്ലീഡർ എസ് കണ്ണന്റെ വിശദീകരണവും പൊലീസ് നടപടി സംബന്ധിച്ച് കായംകുളം ഡിവൈഎസ്പിയുടെ റിപ്പോർട്ടും പരിശോധിച്ചശേഷമാണ് കോടതി സന്തുഷ്ടി അറിയിച്ചത്.
ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള അതിക്രമം തടയുന്നതുസംബന്ധിച്ച കോടതി ഉത്തരവിനുശേഷം അതിക്രമം ഉണ്ടാകുന്നില്ലെന്ന് ആശുപത്രി അസോസിയേഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോവിഡാനന്തര ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് 27ന് വീണ്ടും പരിഗണിക്കും.