ന്യൂഡൽഹി
ലഖിംപുർ -ഖേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് സന്ദർശിച്ചെന്ന് ‘ടൈംസ് നൗ’ ചാനലിന്റെ വ്യാജവാർത്ത. വെള്ളിയാഴ്ച ലഖിംപുർ വിഷയം ചീഫ്ജസ്റ്റിസ് എൻ വി രമണ പരിഗണിക്കുമ്പോഴാണ് വ്യാജട്വീറ്റുമായി ‘ടൈംസ് നൗ’ രംഗത്തെത്തിയത്.
ഉടൻ ചില അഭിഭാഷകർ വ്യാജവാർത്ത ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
‘ഇത് എന്തൊരു അസംബന്ധമാണ്? ഞാൻ ഇവിടെ കേസ് പരിഗണിക്കുന്നു. അപ്പോൾ എങ്ങനെ ലഖ്നൗ സന്ദർശിക്കും? ചാനലുകാർ അങ്ങനെ പലതും കാണിക്കും. അത് ആ വഴിക്ക് പോകട്ടേ’–- ചീഫ്ജസ്റ്റിസ് പ്രതികരിച്ചു.
വാർത്താ ചാനലുകൾ അൽപ്പംകൂടി ജാഗ്രത പുലർത്തണമെന്ന് ചീഫ്ജസ്റ്റിസിന്റെ ബെഞ്ചിൽ അംഗങ്ങളായ ജസ്റ്റിസുമാരായ സൂര്യകാന്തും ഹിമാകോഹ്ലിയും പറഞ്ഞു.