ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ ‘ശ്രദ്ധാഞ്ജലി’ ദിവസമായ 12നകം കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാനും അദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാനും സർക്കാരുകൾ തയ്യാറായില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം) മുന്നറിയിപ്പ് നൽകി. കർഷകർക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ മന്ത്രിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണ്. മന്ത്രിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കർഷകരെ ആക്രമിക്കാൻ ആഹ്വാനംചെയ്ത ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് തൽസ്ഥാനത്ത് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. പ്രസ്താവന പിൻവലിച്ചെന്നാണ് ഇപ്പോൾ ഖട്ടർ പറയുന്നത്. ശക്തമായ കർഷകരോഷത്തെതുടർന്നാണ് നിലപാട് മുഖ്യമന്ത്രിക്ക് തിരുത്തേണ്ടിവന്നത്–- എസ്കെഎം ചൂണ്ടിക്കാട്ടി.
അപലപിച്ചു
അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ, അഖിലേന്ത്യ അഗ്രികൾച്ചർ ആൻഡ് റൂറൽ ലേബർ അസോസിയേഷൻ, അഖിലേന്ത്യ സംയുക്ത കിസാൻസഭ, അഖിലേന്ത്യ അഗ്രഗാമി കൃഷി ശ്രമിക് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്ത യോഗം കർഷക കൂട്ടക്കൊലയെ അപലപിച്ചു.
കൊലക്കേസിൽ പ്രതിയായ കേന്ദ്രമന്ത്രി പുത്രനെ അറസ്റ്റ് ചെയ്യണം. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു.