ന്യൂഡൽഹി
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപുർ ഖേരിയിൽ നടത്തിയ സന്ദർശനം കോൺഗ്രസിന്റെ തിരിച്ചുവരവിനു കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നവർ നിരാശയിലാകുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസിനെ ആഴത്തിൽ ബാധിച്ച പ്രശ്നങ്ങൾക്കും ഘടനാപരമായ ദൗർബല്യങ്ങൾക്കും എളുപ്പത്തിൽ പോംവഴിയില്ലെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പ്രശാന്ത് കിഷോർ ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. പാർടി ഭാരവാഹിത്വം നൽകാനും ആലോചനയുണ്ടായി. എതിർപ്പുയർന്നതിനെത്തുടർന്ന് തീരുമാനം നീണ്ടു. അതിനിടെയാണ് രാഹുലിനെയും പ്രിയങ്കയെയും തള്ളി അദ്ദേഹം രംഗത്തുവന്നത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടിയുള്ള പ്രചാരണം ലക്ഷ്യം കണ്ടതോടെയാണ് പ്രശാന്ത് കിഷോർ ശ്രദ്ധേയനായത്. മോദിയിൽനിന്ന് അകന്നതോടെ ജെഡിയു, തൃണമൂൽ പ്രചാരണ ചുമതല വഹിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിന്റെ പ്രചാരണദൗത്യം ഏറ്റെടുത്തെങ്കിലും രാജിവച്ചു. രാഹുലും പ്രിയങ്കയും പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയതും ഈ സമയത്തായിരുന്നു. പാർടിയാകെ ഉടച്ചുവാർക്കാൻ സ്വാതന്ത്ര്യം നൽകണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടത്. നേതൃത്വത്തിന് ഇത് അംഗീകരിക്കാനായില്ല.