ന്യൂഡൽഹി
ഞങ്ങളെ വകവരുത്താനുള്ള വ്യക്തമായ ഗൂഢാലോചനയാണ് കാറിടിച്ച് കയറ്റിയതെന്ന് സംഭവത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ തേജിന്ദർസിങ് വിർക്ക് പറഞ്ഞു.
‘‘കർഷകരെ ലഖിംപുരിൽ കാൽകുത്തിക്കില്ലെന്ന് അജയ്മിശ്ര വെല്ലുവിളിച്ചിരുന്നു. വിവാദപ്രസ്താവനയ്ക്കെതിരെ സമാധാനപൂർവം പ്രതിഷേധിക്കാനാണ് ഒത്തുകൂടിയത്. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഞായറാഴ്ച പകൽ മൂന്നായപ്പോൾ മന്ത്രി യാത്രാവഴി മാറ്റിയെന്നറിഞ്ഞു. ഇതോടെ ഞങ്ങൾ മടങ്ങി. പെട്ടെന്ന് പിന്നിൽനിന്ന് ഇരച്ചെത്തിയ കാർ ഇടിച്ചുവീഴ്ത്തി. കാർ നൂറുകിലോമീറ്ററിൽ കൂടുതൽ വേഗത്തിലായിരുന്നു. കരുതിക്കൂട്ടി പിന്നിൽനിന്ന് ഇടിച്ചിട്ടശേഷം വീണുകിടക്കുന്നവരുടെ മുകളിലൂടെ വണ്ടി കയറ്റിയിറക്കി. കാറിൽ ആശിഷ് മിശ്രയും അയാളുടെ ഗുണ്ടകളും ഉണ്ടായിരുന്നു. കർഷകർ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കാനാണ് ശ്രമിച്ചത്’’–- അദ്ദേഹം പറഞ്ഞു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണിദ്ദേഹം.