ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ കർഷകരുടെ കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയ കാറിൽ മന്ത്രി പുത്രൻ ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്. കാറിൽ മന്ത്രിയുടെ മകൻ ഉണ്ടായിരുന്നുവെന്ന് കർഷക നേതാവ് തേജിന്ദർസിങ് വിർക്ക് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഒമ്പത് പേരുടെ മരണത്തിൽ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്ക് പകൽപോലെ വ്യക്തമായിട്ടും പ്രതികളുടെ അറസ്റ്റ് ഉത്തർപ്രദേശ് പൊലീസ് നീട്ടികൊണ്ടുപോകുകയാണ്. 60 മണിക്കൂർ കഴിഞ്ഞിട്ടും അറസ്റ്റ് ഉണ്ടായിട്ടില്ല.
അതേസമയം, സംഭവസ്ഥലം സന്ദർശിക്കാനും കർഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാനുമെത്തുന്ന കർഷക–-രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിൽ എടുക്കാനും വഴിയിൽ തടയാനും അറസ്റ്റുചെയ്ത് നീക്കാനും പൊലീസ് ധൃതികൂട്ടുകയുംചെയ്യുന്നു. യുപിയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയെ അറസ്റ്റ് ചെയ്തു. പൊലീസിന്റെ കിരാത നടപടിക്കെതിരെ യുപിയിലും പ്രതിഷേധം പടരുകയാണ്. കൊല്ലപ്പെട്ട ചില കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാതെ പ്രതിഷേധം തുടരുന്നത് യുപി ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി.
മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം, സംസ്കാരം തുടങ്ങിയവയ്ക്കാണ് പ്രധാന്യം നൽകുന്നതെന്നാണ് പൊലീസ് വിശദീകരണം. അതിനുശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കൂവെന്ന്–-ലഖ്നൗ സോൺ എഡിജിപി എസ് എൻ സബാത്ത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി കർഷകരും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് ആശിഷ്മിശ്ര ഉൾപ്പെടെ 16പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാൻ പൊലീസ് തയ്യാറായത്. സംഭവവുമായി ആശിഷിന് ബന്ധമില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമമവും പൊലീസ് നടത്തുന്നു. ആശിഷ്മിശ്ര സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്ന കാര്യം ആദ്യം അന്വേഷിക്കുമെന്നാണ് പൊലീസ് നിലപാട്. സംഭവവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ആശിഷ്മിശ്ര. ‘സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഭൻവിപുർ ഗ്രാമത്തിൽ ഗുസ്തി മത്സരം കാണുകയായിരുന്നുമെന്നാണ് അവകാശവാദം.