കൽപ്പറ്റ
വയനാട് മുൻ ഡിസിസി പ്രസിഡന്റും കെപിസിസി എക്സിക്യൂട്ടീവംഗവുമായ പി വി ബാലചന്ദ്രനും കോൺഗ്രസ് വിട്ടു. 52 വർഷത്തെ കോൺഗ്രസ് പ്രവർത്തനമാണ് അവസാനിപ്പിച്ചത്. രാഹുലിന്റെ മണ്ഡലമായ വയനാട്ടിൽനിന്ന് അടുത്തിടെ രാജിവയ്ക്കുന്ന നാലാമത്തെ നേതാവാണ് ബാലചന്ദ്രൻ.
കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്നും നിലപാടെടുക്കാൻ കേന്ദ്ര–-സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ നിൽക്കാനാകില്ല. ന്യൂനപക്ഷ സംരക്ഷകരാവാൻ കോൺഗ്രസിനാവുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങിയാണ് ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ വിജയിച്ചത്. 13,000 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. ജില്ലയിലെ ബാങ്ക് നിയമനങ്ങളിൽ ബാലകൃഷ്ണൻ കോഴവാങ്ങിയത് അന്വേഷിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കാരെ സംരക്ഷിച്ച് ചോദ്യംചെയ്യുന്നവരെ സസ്പെൻഡ് ചെയ്യുകയാണെന്നും ബാലചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ എംഎൽഎയും കെപിസിസി വൈസ്പ്രസിഡന്റുമായിരുന്ന കെ സി റോസക്കുട്ടി, കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥൻ, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ എന്നിവരും വയനാട്ടിൽ രാജിവച്ചിരുന്നു.