ന്യൂഡൽഹി
ലഖിംപുർ -ഖേരിയിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമെന്ന് സുപ്രീംകോടതി. ‘ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. നിരവധി ജീവനുകൾ നഷ്ടപ്പെടും. വസ്തുവകകൾ നശിക്കും. ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാത്രം ആരുമുണ്ടാകില്ല’–- ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
കർഷകനിയമങ്ങൾ നടപ്പാക്കുന്നത് കോടതി സ്റ്റേ ചെയ്ത അവസരത്തിൽ പ്രതിഷേധം എന്തിനാണെന്നും കോടതി വിഷയം പരിഗണിക്കുമ്പോൾ ഹർജികൾ കൊടുത്തവർതന്നെ പ്രതിഷേധിക്കുന്നത് ശരിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
പ്രതിഷേധം അനുവദിച്ചാൽ ദൗർഭാഗ്യകരമായ സംഭവങ്ങൾ നടക്കുമെന്നും പ്രതിഷേധം അനുവദിക്കരുതെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോണിജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. റോഡുകളിൽ പ്രതിഷേധം എന്തിനാണെന്ന് സോളിസിറ്റർജനറൽ തുഷാർമെഹ്തയും ചോദിച്ചു. ഡൽഹി ജന്തർമന്ദറിൽ ധർണ നടത്താൻ അനുവാദം തേടി കിസാൻ മഹാപഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണങ്ങൾ ഉണ്ടായത്.