ന്യൂഡൽഹി
ക്രമക്കേട് നടന്നതിനാൽ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സെപ്തംബർ 12ന് നടന്ന പരീക്ഷ ഏഴരലക്ഷം പേർ എഴുതിയിട്ടുണ്ടെന്നും അവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ക്രമക്കേടിന്റെ പേരിൽ അഞ്ച് കേസുണ്ടെന്ന് ആരോപിച്ച് ദേശീയതലത്തിലെ പരീക്ഷ റദ്ദാക്കണമെന്ന വാദം ബാലിശമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കനത്ത പിഴയിട്ട് ഹർജി തള്ളാനാണ് ആലോചിച്ചതെങ്കിലും ഹർജിക്കാരുടെ അപേക്ഷയെത്തുടർന്ന് പിഴ ഒഴിവാക്കിയതായി കോടതി അറിയിച്ചു.
ചോദ്യപേപ്പറുകൾ ചോർത്തി, ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.