ഡറാഡൂൺ
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ സംഘപരിവാറുകാർ ക്രിസ്ത്യൻ പള്ളി അടിച്ചുതകർത്തു. ഞായറാഴ്ച രാവിലെ പ്രാർഥനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളടക്കം നിരവധി വിശ്വാസികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ജയ്ശ്രീറാം വിളികളുമായി എത്തിയ ഇരുനൂറോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ് ദൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായെത്തിയത്. ഇവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. പ്രാർഥനയ്ക്കെത്തിയ പെൺകുട്ടികളോടും അതിക്രമം കാണിച്ചെന്ന് പള്ളിയുടെ ചുമതലയുള്ള പാസ്റ്റർ പ്രിയോ സാധന പറഞ്ഞു. സംഭവത്തിൽ ഇരുനൂറോളം പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശവാസികളും സംഘപരിവാർ പ്രവർത്തകരുമായ ധീർ സിങ്, ശിവപ്രസാദ് ത്യാഗി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രജനി ഗോയൽ, രാഖി പ്രധാൻ, ബനിത ചൗഹാൻ, സീമ ഗോയൽ – എന്നീ സ്ത്രീകളും അക്രമി സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച പ്രാർഥന ആരംഭിക്കുമ്പോഴാണ് സംഘപരിവാറുകാർ ആക്രോശിച്ചുകൊണ്ട് പള്ളിയിലേക്ക് കയറിയതെന്നും വൃദ്ധരെയും പെൺകുട്ടികളെയുമടക്കം നിലത്തിട്ട് തല്ലിച്ചതച്ചതായും പ്രിയോ സാധന പറഞ്ഞു. പള്ളി തുറന്നാൻ ഇനിയും ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. ആക്രമണത്തിന് മുമ്പ് പള്ളിയിലെ സിസിടിവി ക്യാമറകളും അടിച്ചുതകർത്തു. 35 വർഷമായി പ്രാർഥന നടക്കുന്ന പള്ളിയാണിത്. മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.