ന്യൂഡൽഹി
കർഷകരെ കൂട്ടക്കുരുതിചെയ്ത ലഖിംപുർ -ഖേരി അടച്ചുപൂട്ടി ഉത്തർപ്രദേശ് പൊലീസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയുടെ മകൻ ആശിഷിന്റെ നേതൃത്വത്തിൽ കാർകയറ്റിക്കൊന്ന കർഷകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ജനനേതാക്കളെ പൊലീസ് തടഞ്ഞു. കൂടുതൽ കർഷകർ സംഭവസ്ഥലത്ത് എത്തുന്നത് തടയാൻ ജില്ലാഅതിർത്തികൾ അടച്ചിട്ടു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്ബാഘേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി എന്നിവർക്കും സന്ദർശനാനുമതി നിഷേധിച്ചു. തിങ്കളാഴ്ച വൈകിട്ട് ലഖിംപുരിലേക്ക് പോയ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർസിങ് രൺധാവയെയും കോൺഗ്രസ് എംഎൽഎമാരെയും യുപി പൊലീസ് സഹരൻപുരിൽ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാൽ ആരെയും കടത്തിവിടാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്.
കർഷകരുടെ കുടുംബങ്ങളെ കാണാൻ ലഖ്നൗവിൽ നിന്നെത്തിയ കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ജില്ലാഅതിർത്തി കടന്നയുടൻ പൊലീസ് തടഞ്ഞു. മടങ്ങിപ്പോകാൻ വിസമ്മതിച്ചതോടെ അവരെ ഹർഗാവ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് സീതാപുരിലെ ഗസ്റ്റ്ഹൗസിലും എത്തിച്ചു. ‘മോദി ഭരണത്തിനു കീഴിൽ കർഷകർ ചവിട്ടിമെതിക്കപ്പെടുന്നു. കർഷകരുടെ രാജ്യത്ത് കർഷകരെ ഇല്ലാതാക്കുന്നതാണ് സർക്കാർ നയം. കുടുംബങ്ങളുടെ ദുഃഖം പങ്കിടാനാണ് വന്നത്. അതും ഈ രാജ്യത്ത് കുറ്റമായിരിക്കുന്നു’–- പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വൃത്തിഹീനമായ ഗസ്റ്റ്ഹൗസ് മുറി അടിച്ചുവാരിയ പ്രിയങ്ക നിരാഹാരസമരം തുടങ്ങി.
ലഖിംപുർ ഖേരിയിലേക്ക് തിരിച്ച സമാജ്വാദി പാർടി നേതാവ് അഖിലേഷ്യാദവിനെ വസതിക്ക് പുറത്തുതന്നെ പൊലീസ് തടഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ്യാദവും അനുയായികളും റോഡിൽ കുത്തിയിരുന്നു. ‘ബ്രിട്ടീഷ് സർക്കാർപോലും ചെയ്യാത്ത ക്രൂരതകളാണ് കർഷകർക്കുനേരെ ബിജെപി സർക്കാർ അഴിച്ചുവിടുന്നത്. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഉടൻ രാജിവയ്ക്കണം’–- അഖിലേഷ്യാദവ് ആവശ്യപ്പെട്ടു.
ബികെയു നേതാവ് രാകേഷ് ടിക്കായത്ത്, സംയുക്ത കിസാൻ മോർച്ച നേതാക്കളായ ഗുർണാംസിങ് ചടൂണി, ബൂട്ടാസിങ് ബുർജിൽ, ഭീംആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, ആംആദ്മി നേതാവ് സഞ്ജയ്സിങ് തുടങ്ങിയവരുടെ വാഹനങ്ങളും പൊലീസ് ലഖിംപുരിലേക്കുള്ള വഴിയിൽ തടഞ്ഞിട്ടു. പലരെയും കസ്റ്റഡിയിലാക്കി. നിരവധി രാഷ്ട്രീയ, കർഷക നേതാക്കൾ ലഖിംപുരിലേക്ക് തിരിച്ചിട്ടുണ്ട്.
സംഭവസ്ഥലം സന്ദർശിക്കാനും കർഷകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും പോകുന്ന രാഷ്ട്രീയ, കർഷക നേതാക്കളെ തടയുകയും തടവിലാക്കുകയും ചെയ്യുന്ന ആദിത്യനാഥ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം ശക്തമായി.