ന്യൂഡൽഹി
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊന്നതിൽ രാജ്യമാകെ പ്രതിഷേധം കനത്തു. സംയുക്ത കിസാൻമോർച്ചയുടെ ആഹ്വാനപ്രകാരം രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമാർച്ചുകൾ നടന്നു. കർഷകർക്കുനേരെയുള്ള ആസൂത്രിതമായ ആക്രമണത്തിനിടെ മരിച്ചവർ ഒമ്പതായി. ഞായറാഴ്ച കാണാതായ പ്രാദേശിക വാർത്താചാനൽ റിപ്പോർട്ടർ രമൺകശ്യപിന്റെ മരണമാണ് സ്ഥിരീകരിച്ചത്.
കർഷകരുടെ കൂട്ടക്കൊലയിൽ പ്രതിരോധത്തിലായ സർക്കാർ പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമങ്ങളുമായി രംഗത്തെത്തിയതോടെ തലസ്ഥാന നഗരവും ലഖിംപുരും വീണ്ടും സംഘർഷഭരിതമായി. കൂടുതൽ കർഷകർ ലഖിംപുരിൽ എത്തുന്നത് തടയാൻ യുപി സർക്കാർ ജില്ലാഅതിർത്തികൾ അടച്ചിട്ടു. പ്രതിഷേധിച്ചവർക്കെതിരെ ഡൽഹി –-യുപി പൊലീസിന്റെ നേതൃത്വത്തിൽ നരനായാട്ടും നടത്തി. ഛത്തീസ്ഗഢ്, പഞ്ചാബ് മുഖ്യമന്ത്രിമാർക്ക്പോലും സംഭവസ്ഥലം സന്ദർശിക്കാൻ അനുവാദം നൽകിയില്ല. കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർസിങ് രൺധാവ, സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കൊന്നും സംഭവസ്ഥലം സന്ദർശിക്കാനായില്ല.
കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും ഗുണ്ടകളും ഓടിച്ച കാറുകൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയാണ് മൂന്ന് കർഷകർ കൊല്ലപ്പെട്ടത്. കാറുകൾ തടയാൻ കർഷകർ ശ്രമിച്ചപ്പോൾ ഗുണ്ടകളുടെ വെടിവയ്പിൽ പത്തൊമ്പതുകാരനായ മറ്റൊരു കർഷകനും മരിച്ചു. ആശിഷ് മിശ്രയുടെ കാർ മറിഞ്ഞ് നാലുപേരും മരിച്ചു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിലുണ്ട്. രമൺകശ്യപിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. കർഷകവേട്ടയിൽ വർഗ ബഹുജനസംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
ഇന്റർനെറ്റ് തടഞ്ഞു
ലഖിംപുരിൽ കർഷകർക്കെതിരായ കിരാതനടപടിയുടെ സത്യാവസ്ഥ പുറംലോകം അറിയുന്നത് തടയാനായി സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. കർഷകസമരം ശക്തമായപ്പോൾ നേരത്തേ ഹരിയാനയിലും ഇത് ചെയ്തിരുന്നു.
ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി കർഷകർ രാപ്പകൽ നടത്തിയ സമരത്തിന് ഒടുവിലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവിടാമെന്ന് സർക്കാർ സമ്മതിച്ചത്.
മന്ത്രിപുത്രനെതിരെ കൊലക്കേസ്
കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ കർഷകരെ കാർ കയറ്റി കൊന്നതിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയ്ക്കും മകൻ ആശിഷ് മിശ്രയ്ക്കുമെതിരെ കർഷകർ ലഖിംപുർ ഖേരി ജില്ലാ മജിസ്ട്രേട്ടിന് പരാതി നൽകി. ആശിഷടക്കം 16 പേർക്കെതിരെ കൊലക്കേസ് എടുത്തതായും പ്രതികളെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
കുടുംബത്തിന് 45 ലക്ഷംവീതം; സർക്കാർ ജോലിയും
കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപവീതം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകാമെന്ന് സംയുക്ത കിസാൻമോർച്ച നേതാക്കൾക്ക് സംസ്ഥാന സർക്കാർ ഉറപ്പ് നൽകി. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപവീതം നൽകാമെന്നും സർക്കാർ സമ്മതിച്ചു. മൃതദേഹങ്ങളുമായി നാട്ടുകാരും ബന്ധുക്കളും സംഘടിപ്പിച്ച വഴിതടയൽ സമരം ഇതോടെ അവസാനിപ്പിച്ചു. തുടർന്ന് കർഷകരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുത്തു.