കുവൈറ്റ് സിറ്റി > കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷൻ സംഘടിപ്പിച്ച ‘വജ്രകാന്തി- 2021’ ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മധ്യപ്രദേശ് ചാപ്റ്ററും മൂന്നാം സ്ഥാനം പുതുച്ചേരി ചാപ്റ്ററും കരസ്ഥമാക്കി. ആറ് ചാപ്റ്ററുകളാണ് ഫൈനലിൽ പങ്കെടുത്തത്.
ഗ്രാന്റ് മാസ്റ്റർ ഡോ. ജി എസ് പ്രദീപാണ് ഓൺലൈനായി നടത്തിയ മത്സരത്തിന് നേതൃത്വം നൽകിയത്. സാംസ്കാരികമന്ത്രി സജി ചെറിയാന്റെയും മലയാളം മിഷൻ ഡയറക്ടർ പ്രെഫ. സുജാ സൂസൻ ജോർജിന്റെയും സാന്നിധ്യത്തിലാണ് മത്സര വിജയികളെ പ്രഖ്യപിച്ചത്. കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് അദ്വൈത് അഭിലാഷ്, സോന സുബിൻ, അനുഷിഖ ശ്രീജ വിനോദ്, ഏബൽ ജോസഫ് ബാബു, ജൂവൽ ഷാജിമോൻ, പാർത്ഥിവ് ഷാബു എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഗോളതല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് അഭിനന്ദനം അറിയിക്കുന്നതായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി പറഞ്ഞു.