ലഖ്നൗ > ഉത്തര്പ്രദേശിലെ ലഖിംപൂര് ഖേരിയില് കേന്ദ്രമന്ത്രിയുടെ മകന് കര്ഷകരെ വാഹനമിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തിയ സംഭവത്തില് പ്രതിഷേധം ആളിക്കത്തുന്നു. രാജ്യവ്യാപകമായി കര്ഷകര് കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കൊല്ലപ്പെട്ട കര്ഷകരുടെ മൃതദേഹങ്ങളുമെടുത്ത് ലഖിംപൂര് ഖേരിയില് കര്ഷകര് റോഡ് ഉപരോധിക്കുകയാണ്.
കൂട്ടക്കൊലപാതകം നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്കെതിരെ തിങ്കളാഴ്ചയാണ് യുപി പൊലീസ് കൊലപാതക കേസ് ഫയല് ചെയ്തത്. മകന് ആശിഷ് മിശ്രയ്ക്ക് അക്രമവുമായി ബന്ധമുണ്ടെന്ന കര്ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്ത് വന്നിരുന്നു.
ബംഗളൂരുവില് നടന്ന പ്രതിഷേധം
സംഭവത്തില് ഒരു പ്രാദേശിക മാധ്യമപ്രവര്ത്തകന് കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടര്ന്ന് പ്രതിഷേധിച്ച സമാജ്വാദി പാര്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയില് എടുത്തു.
ഉത്തര്പ്രദേശില് കര്ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിലും കര്ഷകരെ അടിച്ചൊതുക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടറിന്റെ പ്രസ്താവനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന് തയ്യാറാകണമെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങള് വിദേശ പ്രേക്ഷകരെ മാത്രമുദ്ദേശിച്ചുള്ളതാണോ എന്നും യെച്ചൂരി ചോദിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്ഷകര്ക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര് ലാല് ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല് കര്ഷകര് സംഭവസ്ഥലത്തുവെച്ച് മരിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. എത്ര കര്ഷകര് മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സംയുക്ത കിസാന് മോര്ച്ച നേതാക്കള് പറഞ്ഞു. സമരത്തില് പങ്കെടുത്ത പത്തൊമ്പതുകാരനായ ഗുരുവിന്ദര് സിങ് തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.