പാകിസ്താനിലും ചൈനയിലും രഹസ്യ നിരീക്ഷണം നടത്തുന്നതിനായി ഇന്ത്യ തങ്ങളുടെ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്തുവെന്ന് സംശയിക്കുന്നതായി അമേരിക്കൻ കമ്പനിയായ എക്സോഡസ് ഇന്റലിജൻസ്. എക്സോഡസ് ഇന്റലിജൻസിന്റെ മേധാവിയും സഹ സ്ഥാപകനുമായ ലോഗൻ ബ്രൗണിന്റെ വെളിപ്പെടുത്തൽ ഫോർബ്സ് ആണ് പുറത്തുവിട്ടത്.
സോഫ്റ്റ് വെയറുകളുടെ കേടുപാടുകൾ വികസിപ്പിക്കുകയും, വാങ്ങുകയും, വിൽക്കുകയും ചെയ്‌യുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് എക്സോഡസ്. സോഫ്റ്റ് വെയറുകളിൽ അധിവേഗം പരിഹരിക്കപ്പെടേണ്ടതായ കേടുപാടുകൾ (Zero day Vulnerablities) പോലും ഇവർ കണ്ടെത്തി വിവരങ്ങൾ കൈമാറുന്നുണ്ട്. ഈ പ്രശ്നങ്ങൾ ദുരുപയോഗം ചെയ്‌യാനുള്ള സോഫ്റ്റ്വെയറുകളും ഇവർ വിൽക്കുന്നുണ്ട്.
പ്രതിരോധത്തിനുള്ള ഉപകരണം എന്ന നിലയിലാണ് ഇവർ ഇത് ചെയ്‌യുന്നത്. ഭരണകൂടങ്ങളാണ് പലപ്പോഴും ഇവരുടെ ഉപഭോക്താക്കൾ. നേരത്തെ ഒരു ചൈൽഡ് പോണോഗ്രഫി വെബ്സൈറ്റിനെ തകർക്കാൻ എക്സോഡസ് ഇന്റലിജൻസിന്റെ കണ്ടെത്തലുകൾ ഭരണകൂടങ്ങൾക്ക് സഹായകമായത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
എന്നാൽ ഇവരിൽ നിന്ന് കൈക്കലാക്കുന്ന സോഫ്റ്റ്വെയറുകളുടെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച വിവരങ്ങൾ ഏത് വിധേനയും ഉപയോഗപ്പെടുത്താൻ ഉപഭോക്താവിന് സാധിക്കും. അതിനാൽ തന്നെ ദുരുപയോഗം ചെയ്‌യപ്പെടാനും സാധ്യതയുണ്ട്.
ഈ രീതിയിൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ആഴത്തിൽ കടന്നുകയറാൻ സാധിക്കുന്ന വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തകരാറുകളിലൊന്ന് ഇന്ത്യ തിരഞ്ഞെടുത്തുവെന്നും അത് ഇന്ത്യൻ ഭരണകൂടമോ കരാറുകാരനോ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും ലോഗൻബ്രൗൺ പറയുന്നു.
പിന്നീട് എക്സോഡസിന്റെ ഏറ്റവും പുതിയ സീറോ ഡേ റിസർച്ച് വാങ്ങുന്നതിൽ നിന്ന് ഇന്ത്യയെ കമ്പനി തടഞ്ഞു. ഒപ്പം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മൈക്രോസോഫ്റ്റിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.
തങ്ങളുടെ കണ്ടെത്തൽ ഇന്ത്യ ആക്രമണാത്മകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും താൻ അതിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്നില്ലെന്ന് ബ്രൗൺ പറഞ്ഞു.
അടുത്തിടെ ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ദുരുപയോഗം ചെയ്‌യപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശങ്ങൾനേരിടുന്ന ഇന്ത്യയുമായി ഇടപാടുകൾ നടത്തുന്നതിൽ എക്സോഡസ് ശ്രദ്ധിക്കണമായിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.