സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്‍ടർ ക്ഷാമം കാർ നിർമാണം ഉൾപ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്മാർട്ഫോൺ വിപണിയ്‍ക്ക് പക്ഷെ ഇത്രയും നാൾ പിടിച്ചുനിൽക്കാനായി. എന്നാൽ സ്മാർട്ഫോൺ നിർമാണരംഗത്തും താമസിയാതെ സ്ഥിതി വഷളാവുമെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ
കോവിഡ് വ്യാപനമാരംഭിച്ച 2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമികണ്ടക്‍ടറുകളുടെ ക്ഷാമം ആരംഭിച്ചത്. ഈ പ്രതിസന്ധിയിലും സ്മാർട്ഫോൺ വിപണിയ്‍ക്ക് പിടിച്ചുനിൽക്കാനായത് നേരത്തെ തന്നെ സ്വീകരിച്ച തയ്‌യാറെടുപ്പുകൾ കൊണ്ടാണ്. ആപ്ലിക്കേഷൻ പ്രൊസസറുകൾ, ക്യാമറ സെൻസറുകൾ പോലുള്ളവ സംഭരിച്ചുവെക്കാൻ സ്മാർട്ഫോൺ നിർമാതാക്കൾക്ക് സാധിച്ചു.
എന്നാൽ ശേഖരിച്ചുവെച്ച അനുബന്ധ ഘടകങ്ങൾ തീർന്നുകൊണ്ടിരിക്കുന്നതും ആവശ്യത്തിന് പുതിയ സ്റ്റോക്ക് എത്താതിരിക്കുന്നതും സ്മാർട്ഫോൺ രംഗത്തെയും ചിപ്പ് ക്ഷാമത്തിന്റെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
സാംസങ്, ഓപ്പോ, ഷാവോമി എന്നിവ ഉൾപ്പടെ എല്ലാ ബ്രാൻഡുകളെയും സെമി കണ്ടക്‍ടർ ക്ഷാമം ബാധിച്ചേക്കുമെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ റിസർച്ച് ഡയറക്‍ടർ ടോം കാങ് പറയുന്നത്. എന്നാൽ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്‌യുമ്പോൾ ആപ്പിളിന് ഈ സങ്കീർണത നേരിടാൻ ഒരു പരിധിവരെ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവസ്ഥ രൂക്ഷമായാൽ ചില സ്മാർട്ഫോണുകളിൽ മാത്രമായി കമ്പനികൾക്ക് ശ്രദ്ധകൊടുക്കേണ്ടിവരും. മറ്റ് സ്മാർട്ഫോണുകൾ പുറത്തിറക്കുന്നത് നിർത്തിവെക്കേണ്ടിയും വരും. എന്തായാലും കോവിഡ് നിയന്ത്രണങ്ങളഴിഞ്ഞതോടെ സ്മാർട്ഫോൺ വിതരണത്തിലുണ്ടായ വർധനവ് അധികനാൾ നീണ്ടുനിൽക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: semiconductor shortages hitting smartphone industry