മനാമ > ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ഷഹീന് ഒമാന് തീരത്തേക്ക് നീങ്ങിയേക്കുമെന്ന് ഒമാന് സിവില് ഏവിയേഷന് വിഭാഗം അറിയിച്ചു. കൊടുങ്കാറ്റിന്റെ പ്രതിഫലനം ഞായറാഴ്ച മുതല് ഒമാന് തീരങ്ങളില് അനുഭവപ്പെടും. കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്.
വടക്ക് അല് ബാതറ്റിന ഗവര്ണറേറ്റിന്റെ തീരത്തേക്കാണ് നീങ്ങാന് സാധ്യത. 74 മുതല് 111 കിലോമീറ്റര് വേഗത്തിലുള്ള കാറ്റും 200 മുതല് 500 മില്ലീമീറ്റര് വരെ മഴയും കാലാവസ്ഥ വിഭാഗം പ്രവചിക്കുന്നു. ഗവര്ണറേറ്റുകളായ നോര്ത്ത് അല് ബാതിന, സൗത്ത് അല് ബാരിന, മസ്കറ്റ്, അല് ദാഹിറ, അല് ബുറൈമി, അല് ദഖിലിയ, സൗത്ത് അല് ഷര്ഖിയ ഗവര്ണറേറ്റിലെ തീരപ്രദേശങ്ങളില് ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കും. മുസന്ദം, നോര്ത്ത് അല് ശര്ഖിയ ഗവര്ണറേറ്റുകളില് 30 മുതല് 80 മില്ലീമീറ്റര് വരെയും മിതമായ കാറ്റും അനുഭവപ്പെടും.
സൗത്ത് അല് ശര്ഖിയ ഗവര്ണറേറ്റ് മുതല് മുസന്ദം ഗവര്ണറേറ്റ് വരെ നീളുന്ന ഒമാന്റെ തീരങ്ങളില് കടല് പ്രക്ഷുബ്ധമാകും. തിരമാല 8-12 മീറ്റര് വരെ ഉയരാന് സാധ്യതയുണ്ട്. കടല് വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയേറെ.
താഴ്വരകള് മുറിച്ചുകടന്ന് അപകടമുണ്ടാകരുതെന്നും താഴ്ന്ന പ്രദേശങ്ങളില് നിന്ന് മാറിനില്ക്കണമെന്നും എല്ലാവരും അതീവ ശ്രദ്ധയും ജാഗ്രതയും പുലര്ത്തണമെന്നും സിവില് ഏവിയേഷന് അതോറിറ്റി ആവശ്യപ്പെട്ടു.
തെക്കന് അല് ശര്ഖിയ, മസ്കറ്റ് ഗവര്ണറേറ്റുകളുടെ തീരങ്ങളില് ചുഴലിക്കാറ്റിന്റെ പരോക്ഷ ഫലങ്ങള് ശനിയാഴ്ച അനുഭവപ്പെട്ടു. 3-5 മീറ്റര് വരെ തിരമാലകള് ഉയര്ന്നു. വ്യത്യസ്ത തീവ്രതയില് മഴയും ഉണ്ടായി. 18 മുതല് 37 കിലോമീറ്റര് വരെ കാറ്റിന്റെ വേഗം രേഖപ്പെടുത്തി.