സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇപ്പോൾ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴലിയാണ് മഴയ്ക്ക് കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയിൽ തൃശൂർ ജില്ലയിൽ കനത്ത നാശനഷ്ടം ഉണ്ടായതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മാക്കിലക്കുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി. മറ്റത്തൂർ വെള്ളിക്കുളം വലിയ തോടും പൂവാലി തോടും കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയിൽ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴി കുഞ്ഞുങ്ങൾ ചത്തു. കിഴക്കുംപാട്ടുകരയിൽ മതിൽ ഇടിഞ്ഞു വീണ് രണ്ട് വീടുകൾക്ക് വിള്ളൽ സംഭവിച്ചു.
കോഴിക്കോടും കനത്ത മഴ പെയ്യുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ വെള്ളയിൽ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. മുക്കത്ത് കടയിൽ വെള്ളം കയറി. രാത്രി വൈകിയും മഴ തുടരുകയാണ്.