ന്യൂഡൽഹി
രാജ്യത്തിന്റെ അഭിമാനമായ എയർ ഇന്ത്യ വ്യോമയാന സർവീസ് ടാറ്റ ഗ്രൂപ്പിന്റെ കോർപറേറ്റ് കൈകളിലേക്ക് അമരുന്നു. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ലേലത്തിൽ പിടിച്ച വാർത്ത ദേശീയ, രാജ്യാന്തര മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, അവസാന റൗണ്ടിൽ സ്പൈസ് ജെറ്റുമായി നടന്ന ലേലത്തിൽ ഉയർന്ന തുക മുന്നോട്ടുവച്ചത് ടാറ്റ ആണെന്നാണ് റിപ്പോർട്ട്. ആകെ നാല് അപേക്ഷകരാണുണ്ടായിരുന്നത്.
4400 ആഭ്യന്തര സർവീസും 1800 രാജ്യാന്തര സർവീസും നടത്തുന്ന എയർഇന്ത്യയുടെ 100 ശതമാനം ഓഹരിയും കേന്ദ്രം വിൽക്കുകയാണ്. എയർഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, വിമാനത്താവളങ്ങളിലെ പാർക്കിങ് സ്ലോട്ട്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനി എയർഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരി എന്നിവയും പുതിയ ഉടമയ്ക്ക് ലഭിക്കും. ജീവനക്കാരുടെ ഭാവിയും കമ്പനിയുടെ നിലവിലെ നഷ്ടവും കൈകാര്യം ചെയ്യുന്നതിൽ തുടരുന്ന തർക്കമാണ് അന്തിമതീരുമാനം വൈകുന്നതിന് പിന്നിൽ. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനുമുമ്പ് ജെ ആർ ഡി ടാറ്റ സ്ഥാപിച്ച വ്യോമയാന കമ്പനിയാണ് പിന്നീട് എയർഇന്ത്യയായത്. 1953ൽ കമ്പനി ദേശസാൽക്കരിച്ചു. എന്നാൽ, 1977 വരെ ജെ ആർ ഡി ടാറ്റ ചെയർമാനായി തുടർന്നു. നിലവിൽ സിംഗപ്പുർ എയർലൈൻസുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് വിസ്താര എന്ന വ്യോമയാന കമ്പനി നടത്തുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങൾ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നടപടിയും പുരോഗമിക്കുന്നതിനിടെയാണ് എയർ ഇന്ത്യയുടെ വിൽപ്പന. വിദേശരാജ്യങ്ങളിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മുൻനിരയിൽ പ്രവർത്തിക്കുന്നത് എയർഇന്ത്യ വിമാനങ്ങളാണ്. സ്വകാര്യ ഉടമസ്ഥതയിൽ എത്തുന്നതോടെ ഇത്തരം പ്രവർത്തനങ്ങൾ തകിടംമറിയും.