തിരുവനന്തപുരം
ഐഎസ്ആർഒയുടെ മംഗൾയാനടക്കമുള്ള ചൊവ്വാദൗത്യ പേടകങ്ങളുടെ ഭൂമിയുമായുള്ള ബന്ധം താൽക്കാലികമായി നിലച്ചു. ചൊവ്വയ്ക്കും ഭൂമിക്കുമിടയിൽ സൂര്യൻ ‘നേർരേഖ’യിൽ വരുന്ന മാർസ് സോളാർ ഗ്രഹനില മൂലമാണിത്. സിഗ്നലുകൾ തടസ്സപ്പെടാനും വികലമാകാനും സാധ്യതയുള്ളതിനാലാണ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. രണ്ടാഴ്ച ഈ ‘ബ്ലാക്ക്ഔട്ട്’ തുടരും.
സൂര്യനിൽനിന്ന് വരുന്ന വൈദ്യുതകാന്തികതരംഗങ്ങൾ സിഗ്നലുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കും. അതിനാൽ 15 വരെ പേടകങ്ങളുമായും തിരിച്ചും വാർത്താവിനിമയബന്ധം ഉണ്ടാകില്ല. മംഗൾയാൻ കൂടാതെ നാസയുടെ അഞ്ച് പേടകവും ചൈനയുടെ സുറോങ് റോവറുമാണ് ഇപ്പോൾ ചൊവ്വാ പര്യവേക്ഷണത്തിലുള്ളത്. നാസയുടെ പെഴ്സിവിറൻസിനൊപ്പം ഇൻജന്യൂയിറ്റി എന്ന മാർസ് ഹെലിക്കോപ്റ്ററും ഉണ്ട്. ഭൂമിയിലെ നിയന്ത്രക കേന്ദ്രങ്ങളുമായി ബന്ധമില്ലെങ്കിലും ഇവ ദൗത്യം തുടരും. ശേഖരിച്ച വിവരങ്ങൾ ബ്ലാക്ക്ഔട്ട് കാലത്തിനുശേഷം അയക്കും.