കൊൽക്കത്ത
പശ്ചിമ ബംഗാൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുർ അടക്കമുള്ള മൂന്ന് മണ്ഡലത്തിലും വ്യാപകമായ ആക്രമണം. തൃണമൂലിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ വോട്ടർമാരെ തടയലും ബൂത്തു കൈയേറ്റവും കള്ളവോട്ടും നടന്നതായി രാവിലെ മുതൽ പരാതി ഉയർന്നു. കള്ള വോട്ട് തടയാൻ ശ്രമിച്ച സിപിഐ എം സ്ഥാനാർഥി ശ്രിജീബ് ബിശ്വാസിന്റെ പോളിങ് ഏജന്റുമാരെ തൃണമൂലുകാർ ബലാൽക്കാരമായി ഇറക്കിവിട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും പരാതി ചെവിക്കൊണ്ടില്ല.
മന്ത്രിമാരായ ഫിരാദ് ഹക്കിം, സുബ്രത മുഖർജി എന്നിവർ നേരിട്ടാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. മേയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനാണ് മമത ജനവിധി തേടിയത്. വൈകീട്ട് ആറുവരെ 54ശതമാനം പേര് വോട്ടുചെയ്തു. ജാംഗിപ്പുരിൽ 77ഉം സമരേഷ്ഗഞ്ചിൽ 79 ശതമാനവും പോളിങ് നടന്നു.