കൊച്ചി
സഭാ തർക്കത്തിൽ യാക്കോബായ വിഭാഗം സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഹൈക്കോടതി. പള്ളികൾ പൂട്ടിയിട്ടതുകൊണ്ടോ, ആളുകൾ കൂടിനിന്ന് ബഹളംവച്ചതുകൊണ്ടോ സുപ്രീംകോടതി വിധി മറികടക്കാൻ ആകില്ലെന്ന് മനസ്സിലാക്കണമെന്നും സർക്കാർ ബലംപ്രയോഗിച്ചാൽ രക്തം ചിന്തുമെന്ന് നിങ്ങൾക്കറിയില്ലേ എന്നും കോടതി ചോദിച്ചു. പള്ളികളിൽ ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
1934ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാറാണോ എന്ന് യാക്കോബായ വിഭാഗത്തോട് കോടതി ആരാഞ്ഞു. നാളുകളായി ഈ തർക്കം തുടരുന്നു. ഇതിന് ഒരു അവസാനം വേണം. നിയമവ്യവസ്ഥയ്ക്കാണ് മുൻഗണന നൽകേണ്ടത്. ഭരണഘടനയ്ക്കാണ് പ്രഥമ പരിഗണന. വികാരിയെയും പുരോഹിതരെയും ഇടവകക്കാരെയും പള്ളിയിൽ കയറാൻ അനുവദിക്കും. സംസ്ഥാനത്ത് ചോരപ്പുഴ ഒഴുകാൻ സമ്മതിക്കില്ല. വികാരിയെ തടയാൻ ആർക്കും അധികാരമില്ല. രണ്ടുവിഭാഗം എന്ന് കാണാനാകില്ലെന്നും കോടതി പറഞ്ഞു. കോലഞ്ചേരി പള്ളിക്കേസിലെ സുപ്രീംകോടതി വിധിയും ഓർമിപ്പിച്ചു.
സുപ്രീംകോടതി വിധിയുടെ പേരിൽ തങ്ങളെ പുറത്താക്കാനുള്ള ശ്രമം അനുവദിക്കരുതെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.
ആരും ആരെയും പുറത്താക്കില്ല. 1934ലെ ഭരണഘടന പിന്തുടരുകയാണ് വേണ്ടത്. അതിന്റെ കീഴിലുള്ള എല്ലാവർക്കും പള്ളികളിൽ പോകുകയും ഭരണം നടത്തുകയും ചെയ്യാം. അത് തടഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ പൊലീസ് സേനയും അവരുടെകൂടെ ഉണ്ടാകും. പള്ളിയുടെ തലപ്പത്തുള്ളവർ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. ദൈവം എല്ലാവരുടെയും മനസ്സിലാണ് വേണ്ടതെന്നും കോടതി പറഞ്ഞു. കേസ് അടുത്തമാസം അഞ്ചിലേക്ക് മാറ്റി.