ന്യൂഡൽഹി
ഓർഡനൻസ് ഫാക്ടറി ബോർഡിനൊപ്പം 220 വർഷത്തെ ചരിത്രംകൂടിയാണ് അസ്തമിക്കുന്നത്. സൈന്യത്തിനും ഇതര സുരക്ഷാവിഭാഗങ്ങൾക്കും വേണ്ട ആയുധവും ഉപകരണങ്ങളും നിർമിക്കാൻ 1801ൽ ബ്രിട്ടീഷുകാരാണ് ഫാക്ടറി ബോർഡ് സ്ഥാപിച്ചത്. നിലവിൽ 41 ഫാക്ടറിയാണ് കൊൽക്കത്ത ആസ്ഥാനമായ ബോർഡിന് കീഴിലുള്ളത്. ബിഎംഎസിൽ അഫിലിയറ്റ് ചെയ്ത ഫെഡറേഷന്റെയടക്കം എതിർത്തിട്ടും ഏഴ് കമ്പനിയാക്കി ബോർഡിനെ കേന്ദ്ര സർക്കാർ വെട്ടിനുറുക്കി. തോക്ക്, വെടിയുണ്ട, സ്ഫോടകവസ്തു, കവചിത വാഹനം, മിസൈലിനുവേണ്ട രാസപദാർഥം, പാരച്യൂട്ട്, ഒപ്ടിക്കൽ–-ഇലക്ട്രോണിക് ഉപകരണം, സുരക്ഷാവസ്ത്രം തുടങ്ങിയവയാണ് ഇവിടെ നിർമിച്ചിരുന്നത്.
കോവിഡ് കാലത്ത് പിപിഇ കിറ്റും വെന്റിലേറ്ററും ഉൽപ്പാദിപ്പിച്ചു. പ്രതിരോധനിർമാണ വകുപ്പിന്റെ സ്ഥാപനം എന്ന നിലയിൽ ലാഭനഷ്ടങ്ങൾ നോക്കാതെയാണ് ബോർഡ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, കാര്യക്ഷമതയുടെ കാര്യത്തിൽ ഒരിക്കലും പഴികേൾപ്പിച്ചില്ല. കരസേനയ്ക്ക് 118 അർജുൻ ടാങ്ക് നിർമിച്ചുനൽകാൻ ചെന്നൈയിലെ ഫാക്ടറിക്ക് ഈയിടെ 7523 കോടി രൂപയുടെ കരാർ ലഭിച്ചിരുന്നു. ഇതിനിടയിലാണ് വെട്ടിമുറിക്കൽ. കോർപറേറ്റുവൽക്കരണം സ്വകാര്യവൽക്കരണത്തിന്റെ മുന്നോടിയാണെന്ന് ജീവനക്കാരുടെ ഫെഡറേഷനുകൾ ചൂണ്ടിക്കാണിക്കുന്നു.
തന്ത്രപ്രധാനമേഖലയിൽ മൂന്ന് പൊതുമേഖലാസ്ഥാപനം മതിയെന്നാണ് സർക്കാർ നയം. പുതിയ ഏഴ് കമ്പനിയിൽ നാലെണ്ണം വൈകാതെ സ്വകാര്യമേഖല കൈയടക്കുമെന്ന് ഉറപ്പാണ്. കേന്ദ്രതീരുമാനത്തിനെതിരെ ജീവനക്കാർ വെള്ളിയാഴ്ച കരിദിനം ആചരിക്കും. ആകെ 75,000 സിവിൽ ജീവനക്കാരാണ് ഈ ഫാക്ടറികളിൽ ജോലിചെയ്യുന്നത്.