ന്യൂഡൽഹി
കപിൽ സിബലിന്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതികരണവുമായി ശശി തരൂർ അടക്കമുള്ള “ജി23′ നേതാക്കൾ. കപിൽ സിബൽ പറഞ്ഞതിനോട് വിയോജിപ്പുണ്ടെങ്കിൽ പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് ശശിതരൂർ എംപി പ്രതികരിച്ചു. കോൺഗ്രസിനുവേണ്ടി നിരവധി നിയമയുദ്ധങ്ങൾ നയിച്ച മുതിർന്ന നേതാവിനോട് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും ലജ്ജാകരമായ കാര്യങ്ങളാണ് ഉണ്ടായതെന്നും തരൂർ ട്വീറ്റ് ചെയ്തു.
തെമ്മാടിത്തരമാണ് കാണിച്ചതെന്നും സോണിയ ഗാന്ധി നടപടി എടുക്കണമെന്നും മുതിർന്ന നേതാവ് ആനന്ദ് ശർമ പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ഭൂപീന്ദര്‍ സിങ് ഹൂഡ, വിവേക് തന്‍ഖ, രാജ് ബബ്ബര്‍ തുടങ്ങിയവരും കപില്‍സിബലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി.