സൗരയൂഥത്തിൽ സൂര്യനെ പോലെ മൂന്ന് നക്ഷത്രങ്ങൾ ഉണ്ടായിരുന്നെങ്കിലോ? ആ മൂന്നു നക്ഷത്രത്തെയും ഭൂമി ഉൾപ്പടെയുള്ള ഗ്രഹങ്ങൾ പരിക്രമണം ചെയ്തിരുന്നെങ്കിലോ?
ഇത്രയും കാലം ഇങ്ങനെയൊരു പ്രതിഭാസം ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ ആദ്യമായി അത്തരമൊരു സംഗതി ഗവേഷകർ നിരീക്ഷിച്ചിരിക്കുന്നു.
ഭൂമിയിൽ നിന്നും 1300 പ്രകാശവർഷമകലെ ഓറിയൺ നക്ഷത്രഗണത്തിൽ സ്ഥിതിചെയ്‌യുന്ന ജിഡബ്ല്യൂ ഒറി (GW Ori) എന്ന നക്ഷത്ര-ഗ്രഹ സംവിധാനത്തിൽ മൂന്ന് നക്ഷത്രങ്ങളെ ഒരു ഗ്രഹം ചുറ്റുന്നതായി ഗവേഷകർ അനുമാനിക്കുന്നു.
ഒറി സംവിധാനത്തിൽ മൂന്ന് നക്ഷത്രങ്ങളുണ്ട്. ഒരു നക്ഷത്ര-ഗ്രഹ സംവിധാനത്തിന്റെ പ്രാരംഭത്തിൽ സാധാരണയായി കാണപ്പെടുന്ന വാതക-ധൂളി പടലങ്ങൾ നിറഞ്ഞ വലയം പുതിയതായി നിരീക്ഷിച്ച സംവിധാനത്തിനുമുണ്ട്.
ജിഡബ്ല്യൂ ഒറിയിലെ നക്ഷത്രങ്ങളുടെ സഞ്ചാരം | ESO/Exeter/Kraus et al./L. Calçada
എന്നാൽ, ഈ നക്ഷത്ര വലയത്തിലുള്ള വലിയ വിടവാണ് ശാസ്ത്രജ്ഞരുടെ സംശയത്തിന് കാരണം. ഈ വിടവിന്റെ രഹസ്യം തേടിയ ഒരു വിഭാഗം ശാസ്ത്രജ്ഞർ അതിന് കാരണം ഒന്നോ അതിലധികമോ ഗ്രഹങ്ങളുടെ രൂപീകരണമാകാം എന്ന് നിരീക്ഷിക്കുന്നു. അതായത് മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന ഒരു ഗ്രഹം ആയിരിക്കാം അത്.
മൂന്ന് നക്ഷത്രങ്ങളേയും വെവ്വേറെ കാണാൻ പ്രയാസമാണ്. രണ്ട് നക്ഷത്രങ്ങളേ ഉള്ളൂ എന്നാണ് ആദ്യനോട്ടത്തിൽ തോന്നുക. അതിൽ രണ്ടെണ്ണം വളരെ അടുത്തടുത്തായാണ് സ്ഥിതിചെയ്‌യുന്നത്. അതിനാൽ ഇവ രണ്ടും ഒരേ പ്രകാശ സ്രോതസ്സായി തോന്നും.
രണ്ട് നക്ഷത്രങ്ങളെ വലം വെക്കുന്ന അന്യഗ്രഹങ്ങളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം വാതക വലയത്തിലെ വിടവിന് കാരണം നക്ഷത്രങ്ങളുടെ ഗുരുത്വാകർഷണ ബലം കൊണ്ട് സംഭവിക്കുന്നതാകാമെന്ന മറുവാദമുണ്ട്.
എന്തായാലും ഈ മൂന്ന് നക്ഷത്രങ്ങളേയും വലംവെക്കുന്ന ഗ്രഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
ജിഡബ്ല്യൂ ഒറിയിലെ വലയത്തിലെ വിടവിന് കാരണമായി ഒരു ഗ്രഹം കണ്ടെത്താനായാൽ ഗ്രഹരൂപീകരണവുമായി ബന്ധപ്പെട്ട ഇതുവരെയുണ്ടായിരുന്ന ധാരണകളെല്ലാം പൊളിച്ചെഴുതേണ്ടിവരും. ഗ്രഹരൂപീകരണം എല്ലായിപ്പോഴും ഒരു പോലെ തന്നെയാണെന്നാണ് ഇതുവരെയുള്ള ധാരണ. അത് മാറ്റേണ്ടി വരും. അപ്രതീക്ഷിതമായ ഗ്രഹരൂപീകരണ രീതികളെ കുറിച്ചുള്ള പഠനങ്ങൾക്കും ഇത് വഴിമരുന്നിടുന്നതാണ് പുതിയ പഠനം.
സൂര്യനാണ് സൗരയൂഥത്തിലെ കേന്ദ്ര നക്ഷത്രം. ഭൂമിയുൾപ്പടെയുള്ള ഗ്രഹങ്ങൾ അതിനെ ചുറ്റുകയാണ്. സൗരയൂഥം പോലൊരു സംവിധാനത്തിന്റെ ആരംഭഘട്ടത്തിലാണ് ജിഡബ്ല്യൂ ഒറി.