ന്യൂഡൽഹി > പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി പത്രം രംഗത്ത്. ന്യൂയോർക്ക് ടൈംസ് കമ്യൂണിക്കേഷൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
This is a completely fabricated image, one of many in circulation featuring Prime Minister Modi. All of our factual reporting on Narendra Modi can be found at:https://t.co/ShYn4qW4nT pic.twitter.com/gsY7AlNFna
— NYTimes Communications (@NYTimesPR) September 28, 2021
‘ചിത്രം പൂർണമായും വ്യാജമാണ്, പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെതായി പ്രചരിക്കുന്ന അനേകം ചിത്രങ്ങളിൽ ഒന്ന്. നരേന്ദ്ര മോഡിയെ കുറിച്ച് ഞങ്ങൾ നടത്തിയ വസ്തുതാപരമായ റിപ്പോർട്ടുകൾ ഇവിടെ വായിക്കാം’ എന്ന ട്വീറ്റിനൊപ്പം ലിങ്കും നൽകിയിട്ടുണ്ട്. ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃതൃമമായി സൃഷ്ടിച്ചതാണെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.
ഭൂമിയുടെ അവസാനത്തെ മികച്ച പ്രതീക്ഷ എന്ന തലക്കെട്ടിനൊപ്പം മോഡിയുടെ വലിയ ചിത്രവും ‘ലോകത്തിലെ എറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തരുമായ നേതാക്കൾ ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെയുണ്ട് ’എന്ന വാചകത്തിനൊപ്പം ന്യൂയോർക്ക് ടൈംസ് ദിനപത്രം ഒന്നാം പേജിൽ നൽകിയിരിക്കുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ചിത്രം. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അമേരിക്കയിലെ ഏറ്റവും വലിയ പത്രം ഒന്നാം പേജിൽ നൽകിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം ചിത്രം പ്രചരിച്ചത്.
മോഡിയുടെ സന്ദർശനത്തിന് അടുത്ത ദിവസം സെപ്തംബർ 26 ന് പ്രസീദ്ധീകരിച്ച പത്രം എന്ന വ്യാജ ചിത്രത്തിൽ സെപ്തംബർ എന്ന് എഴുതിയിരിക്കുന്നതിൽ അക്ഷരത്തെറ്റുമുണ്ട്. ഭാരതീയ ജനത യുവ മോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചാഹൽ ഉൾപ്പെടെയുള്ള ബിജെപിയുടെ പ്രമുഖ നേതാക്കളടക്കം നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. ഇവരിൽ പലരും സംഭവം വിവാദമായതോടെ ട്വീറ്റുകൾ പിൻവലിച്ചു.
എന്നാൽ ഈ ചിത്രം പരിഹാസ്യമായി ആരോ നിർമിച്ചതാണെന്ന് പറയുന്നവരുമുണ്ട്. മോഡിയുടെ ചിത്രത്തിൽ അടിക്കുറിപ്പായി നൽകിയിരിക്കുന്നത് ‘മോഡിജി ഞങ്ങളുടെ രാജ്യത്തെ അനുഗ്രഹിക്കാനായി ശൂന്യമായ വെള്ള പേപ്പറിൽ ഒപ്പുവെക്കുന്നു എന്നാണ്. എന്നാൽ ചിത്രം വൈറലായതോടെയാണ് ഇത് വ്യാജമാണെന്ന് വ്യക്തമാക്കി ന്യൂയോർക്ക് ടൈംസ് തന്നെ രംഗത്ത് വന്നത്.