തിരുവനന്തപുരം > മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തില്‍ ജാഗ്രതകാട്ടണമായിരുന്നുവെന്ന് പറഞ്ഞ ബെന്നി ബെഹന്നാന് എംപിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തനിക്ക് അതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും, പാര്‍ടിയുടെ ചട്ടക്കൂട് ബെന്നി ബെഹന്നാനും ബാധകമാണെന്ന് ഓര്‍മിക്കണമെന്നും സുധാകരന് പറഞ്ഞു. കേസില്‍ സമഗ്രാന്വേഷണം വേണമെന്നും, മോന്സണിനെപോലുള്ള ആളുമായി ബന്ധപ്പടുമ്പോള് കുറച്ച് ജാഗ്രത പാലിക്കണമെന്നുമായിരുന്നു ബെന്നി ബെഹന്നാന് പറഞ്ഞത്. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ പ്രതികരണം.
‘ബെന്നി ബെഹന്നാന്റെ ചോദ്യം ഒന്നും എന്റെയടുക്കല്‍ വേണ്ട. ഞാന്‍ മറുപടി പറയില്ല. എനിക്ക് പാര്‍ടിയുടെ ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂട് അദ്ദേഹത്തിനും ബാധകമാണ്.’- സുധാകരന് പറഞ്ഞു.
മറ്റ് ഉന്നതര്‍ മോന്‍സണിന്റെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും തന്നെ മാത്രം വേട്ടയാടുകയാണെന്നും സുധാകരന് പറഞ്ഞു. എന്നാല്‍ പരാതിയില്‍ താങ്കളുടെ മാത്രം പേരല്ലേ ഉള്ളൂവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ആരോപണം തെളിഞ്ഞാല്‍ താന്‍ ഈ പണി അവസാനിപ്പിക്കാം എന്ന് സുധാകരന് മറുപടി നല്കി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഭയപ്പെടുന്നതിനാല്‍, അതിന് നേതൃത്വം നല്കുന്ന തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ സിപിഐ എം ശ്രമിക്കുകയാണെന്നും സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.