ന്യൂഡൽഹി
സംയുക്ത കിസാൻമോർച്ചയുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയുടെയും നേതൃത്വത്തിൽ രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി–-കർഷക ഐക്യത്തിന്റെ ഏറ്റവും വിപുലമായ മുന്നേറ്റമായി ഭാരത് ബന്ദ്. ദശലക്ഷക്കണക്കിന് ആളുകളും ആയിരക്കണക്കിനു സംഘടനയും അണിചേർന്നു. കർഷകനെ അടിച്ചുകൊന്ന് മൃതദേഹത്തിൽ നൃത്തംചവിട്ടുന്ന മാനസികാവസ്ഥ സൃഷ്ടിച്ച ബിജെപി ഭരണത്തിനെതിരായ ജനകീയ പ്രതിരോധമായി ബന്ദ് മാറി.
ഹരിയാനയിൽ കർഷകരുടെ തല അടിച്ചുപൊളിക്കാൻ ആഹ്വാനം ചെയ്തത് ഐഎഎസ് ഉദ്യോഗസ്ഥനായ എസ്ഡിഎം ആണ്. അസമിൽ പൊലീസുകാർക്കൊപ്പം ജില്ലാ അധികൃതർ നിയോഗിച്ച ഫോട്ടോഗ്രാഫറാണ് അടിയേറ്റ് മരിച്ച കർഷകന്റെ ശരീരത്തിൽ ചുടലനൃത്തമാടിയത്. ഇത്രയും വെറിയും വിദ്വേഷവും രാജ്യത്ത് സൃഷ്ടിച്ച ബിജെപി ഭരണത്തിനെതിരെ രാജ്യത്തെ ജനങ്ങൾ ഉണരുകയാണ്.
ഇരുപത്തിമൂന്നിലധികം സംസ്ഥാനത്ത് ബന്ദ് ആചരിച്ചു. സാധാരണ ബന്ദ് ആഹ്വാനങ്ങൾ ചലനം സൃഷ്ടിക്കാത്ത മേഖലകളും കഴിഞ്ഞദിവസം നിശ്ചലമായി.
മുമ്പ് ബിജെപി ബന്ധമുണ്ടായിരുന്ന ശിരോമണി അകാലിദൾ, ശിവസേനപോലുള്ള പാർടികളും പ്രക്ഷോഭത്തിന് പിന്തുണയേകി. ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശുപോലുള്ള സംസ്ഥാനങ്ങളിലടക്കം ബന്ദ് വിജയമായി. ഡൽഹി അതിർത്തികളിൽ 10 മാസമായി കർഷകർ നടത്തുന്ന സമരം പൂർണമായും സമാധാനപരമാണ്. ഭാരത് ബന്ദിലും അനിഷ്ട സംഭവങ്ങളുണ്ടായില്ല. പ്രക്ഷോഭങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് നേരിടുകയെന്ന തന്ത്രവും ഇതോടെ പൊളിഞ്ഞു. വർഗീയതയും കാലുഷ്യവും പടർത്തി ദുർഭരണം തുടരാമെന്ന ബിജെപിയുടെ അഹന്തയ്ക്കേറ്റ തിരിച്ചടിയാണ് ഭാരത് ബന്ദിന്റെ വിജയം.