തിരുവനന്തപുരം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതുഫണ്ട് ട്രഷറിയിൽ സൂക്ഷിക്കുകയെന്നത് യുക്തിഭദ്രമായ നിർദേശമെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ട്രഷറിയിൽ സേവിങ്സ് ബാങ്ക് നിക്ഷേപമായി സൂക്ഷിക്കുന്ന പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. 20 വർഷത്തിനിടയിൽ ട്രഷറി സേവിങ്സ് നിക്ഷേപം പിൻവലിക്കുന്നതിന് നിയന്ത്രണമുണ്ടായിട്ടില്ല. ഉണ്ടാകാനുമിടയില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ പണം ട്രഷറിയിൽ നിക്ഷേപിക്കുമ്പോൾ -2 ശതമാനംവരെ അധിക പലിശ കിട്ടും. ട്രഷറി കോർ ബാങ്കിങ് കംപ്യൂട്ടർവൽക്കരണം പൂർണമായതിനാൽ ഇടപാടുകൾ ഓൺലൈനായി നടത്താം.
കേന്ദ്ര ധനകമീഷന്റെ തീർപ്പുപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്കു ലഭിക്കുന്ന ഫണ്ട് ബാങ്കിൽ സൂക്ഷിക്കണമെന്ന് വാദിക്കുന്നത് ദുഷ്പ്രവണതയാണ്. കേന്ദ്ര ധനകമീഷൻ നൽകുന്ന തുകയുടെ 3-4 മടങ്ങ് ഗ്രാന്റ് കാൽനൂറ്റാണ്ടായി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല.
സർക്കാർ-–-അർധസർക്കാർ സ്ഥാപനങ്ങളുടെ പണം പരമാവധി ട്രഷറിയിൽ സൂക്ഷിക്കണമെന്നതാണ് സംസ്ഥാന സർക്കാർ നയം. സംസ്ഥാന ജീവനക്കാരുടെ ശമ്പളവും ട്രഷറി അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. അവർക്ക് ഇത് പിൻവലിക്കുന്നതിന് തടസ്സമുണ്ടായിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.