മംഗളൂരു > ഇതരമതസ്ഥരോടൊപ്പം ഒരുമിച്ച് ബീച്ചിൽ പോയതായി ആരോപിച്ച് പെൺകുട്ടികൾ ഉൾപ്പെടെയുള്ള മലയാളി മെഡിക്കൽ വിദ്യാർഥികളെ ബജ്റംഗ്ദളുകാർ തടഞ്ഞുവച്ച് ആക്രമിച്ചു. മംഗളൂരു ദേർളകട്ടെ കെ എസ് ഹെഗ്ഡെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെയാണ് സൂറത്ത്കൽ ടോൾബൂത്തിന് സമീപം ആക്രമിച്ചത്. അക്രമത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് വൻ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് അക്രമികളെ അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറായത്. ബജ്റംഗ്ദൾ നേതാവുൾപ്പെടെ അഞ്ചുപേരെ നിസ്സാര കുറ്റംചുമത്തി അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ബജ്റംഗ്ദൾ ജില്ലാ പ്രമുഖ് പ്രീതം ഷെട്ടി (30), സൂറത്ത്കൽ പ്രകണ്ഡ് പ്രമുഖ് അർഷിത് (27), പ്രവർത്തകരായ ശ്രീനിവാസ് (23), രാഗേഷ് (26), അഭിഷേക് (23) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉഡുപ്പി മൽപെ ബീച്ചിൽ പോയി മടങ്ങവെയാണ് അക്രമം. ബൈക്കിൽ പിന്തുടർന്നെത്തിയ അക്രമികൾ ഇവർ സഞ്ചരിച്ച മഹീന്ദ്ര ബൊലേറോ കാർ തടഞ്ഞ് നിർത്തി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയശേഷമായിരുന്നു മർദനം.
ഹിന്ദു പെൺകുട്ടികൾ ഇതരമതസ്ഥരുടെകൂടെ കറങ്ങുന്നുവെന്നാരോപിച്ചാണ് അക്രമം. എന്നാൽ, കാറിലുണ്ടായിരുന്നവർ ഹിന്ദു മതത്തിൽപെട്ടവരെല്ലെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ ശശികുമാർ അറിയിച്ചു. ബജ്റംഗ്ദൾ അക്രമികൾക്ക് പൊലീസ് ഒത്താശചെയ്യുന്നതിന്റെ തെളിവാണ് നിസ്സാര കുറ്റം ചുമത്തി ജാമ്യത്തിൽവിട്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള പറഞ്ഞു.