ഷാർജ
സുനിൽ നരെയ്ന്റെ ഓൾറൗണ്ട് മികവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മുന്നോട്ട്. കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മിന്നിയ നരെയ്നാണ് കൊൽക്കത്തയുടെ വിജയശിൽപ്പി. നാലോവറിൽ 18 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഈ വെസ്റ്റിൻഡീസുകാരൻ 10 പന്തിൽ 21 റണ്ണുമടിച്ചു. ഡൽഹി ഉയർത്തിയ 128 റൺ വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കേ കൊൽക്കത്ത മറികടന്നു. സ്കോർ: ഡൽഹി 9–-127, കൊൽക്കത്ത 7–-130 (18.2).
ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി പേസർ സന്ദീപ് വാര്യർ കൊൽക്കത്ത നിരയിൽ ഇടംപിടിച്ചു. പൃഥ്വി ഷാക്ക് പകരമെത്തിയ സ്റ്റീവ് സ്മിത്തും (34 പന്തിൽ 39) ശിഖർ ധവാനും (20 പന്തിൽ 24) ഭേദപ്പെട്ട തുടക്കമാണ് ഡൽഹിക്ക് നൽകിയത്. എന്നാൽ കണിശതയോടെ പന്തെറിഞ്ഞ ബൗളർമാർ കൊൽക്കത്തയെ ഉയർത്തി. ഓപ്പണർമാർ മടങ്ങിയതോടെ ഡൽഹി വിരണ്ടു. ശ്രേയസ് അയ്യർ (1), ഷിംറോൺ ഹെറ്റ്മെയർ (4), ലളിത് യാദവ് (0), അക്സർ പട്ടേൽ (0) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഒരറ്റത്ത് നിലയുറപ്പിച്ച ക്യാപ്റ്റൻ ഋഷഭ് പന്തിനാകട്ടെ (36 പന്തിൽ 39) മികവിലേക്കുയരാനായില്ല. ഒറ്റ സിക്സുപോലും നേടാതെയാണ് ഡൽഹി ബാറ്റർമാർ കളംവിട്ടത്. നരെയ്നുപുറമേ ഫെർഗൂസണും വെങ്കിടേഷ് അയ്യറും രണ്ട് വിക്കറ്റ് നേടി.
ജയത്തിലേക്ക് അനായാസമായിരുന്നു കൊൽക്കത്തയുടെ ബാറ്റിങ്. വെങ്കിടേഷും (15 പന്തിൽ 14), രാഹുൽ തൃപാഠിയും (9) മടങ്ങിയെങ്കിലും ശുഭ്മാൻ ഗില്ലും (33 പന്തിൽ 30) നിതീഷ് റാണയും (27 പന്തിൽ 36) അവരെ നയിച്ചു. ഇയോവിൻ മോർഗനും (0) ദിനേശ് കാർത്തികും (12) പെട്ടെന്ന് പുറത്തായതോടെ പ്രതിസന്ധിയിലായ കൊൽക്കത്തയെ നരെയ്ൻ രക്ഷപ്പെടുത്തി. രണ്ട് സിക്സറും ഒരു ബൗണ്ടറിയും പായിച്ചു. അവേഷ് ഖാൻ ഡൽഹിക്കായി മൂന്ന് വിക്കറ്റ് നേടി.