നെടുമ്പാശേരി > രാജ്യത്തെ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ച നേട്ടം തുടരുന്നു. ജൂണിലാണ് ചെന്നൈ വിമാനത്താവളത്തെ പിന്തള്ളി കൊച്ചി മൂന്നാംസ്ഥാനത്തേക്ക് ഉയർന്നത്. ജനുവരിമുതൽ മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ മൂന്നാമതെത്തിയത്. ഈ നേട്ടം ആഗസ്തുവരെ തുടരാനായി.
ആഗസ്തിലെ കണക്കനുസരിച്ച് 3,98,722 യാത്രക്കാരുമായി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള മുംബൈ വിമാനത്താവളംവഴി 1,84,787 പേരാണ് യാത്ര ചെയ്തത്. 1,55,322 യാത്രക്കാരുമായാണ് കൊച്ചി വിമാനത്താവളം മൂന്നാംസ്ഥാനം നിലനിർത്തിയത്.
ഏപ്രിലിൽ അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ സിയാൽ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ആഗസ്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും യാത്ര ചെയ്തത് 1.42 കോടി യാത്രക്കാരാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് 35 ശതമാനം യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ 10.29 ലക്ഷം പേർ അന്താരാഷ്ട്രയാത്രക്കാരാണ്. കോവിഡ് രോഗികൾ കുറഞ്ഞതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം അനുദിനം കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എയർ ബബിൾ കരാറിൽ ഗൾഫ് നാടുകൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്ക് വിമാനസർവീസുകളുടെ എണ്ണം കൂടിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനും കാരണമായത്. യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് കൊച്ചി. രാജ്യത്ത് ആഭ്യന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് കോവിഡിന് മുമ്പുണ്ടായിരുന്നതിന്റെ 72.05 ശതമാനംവരെ സർവീസുകൾ പുനരാരംഭിക്കാൻ ആഗസ്തിൽ അനുമതി നൽകിയിരുന്നു. സെപ്തംബറിൽ ഇത് 85 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധന ഉണ്ടാകും.