ന്യൂഡൽഹി > കനയ്യ കുമാര്‍ സിപിഐയെ വഞ്ചിച്ചെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അദ്ദേഹം സ്വയം പാർടി വിടുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് തീരുമാനം എന്നാണ് പറഞ്ഞത്. വ്യക്തിപരമായ താത്പര്യങ്ങളുള്ളതുകൊണ്ടാണ് പാർടി വിട്ടത്. അതിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് കനയ്യ തെളിയിച്ചതായും കനയ്യയെ പാർട്ടി ചുമതലകളിൽ നിന്ന് പുറത്താക്കിയതായും ഡി രാജ പറഞ്ഞു.
രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് പാര്‍ടി വിടുന്നതിന്റെ അര്‍ത്ഥം. ഇതിനെ ചതിയെന്ന് ഞാൻ വിശേഷിപ്പിക്കും. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ചതിക്കുകയാണ്. അദ്ദേഹത്തിനെതിരെ സംഘപരിവാർ ആക്രമണമുണ്ടായപ്പോഴെല്ലാം ഞങ്ങള്‍ സംരക്ഷിച്ചു. എന്നിട്ടും അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചു‐രാജ പറഞ്ഞു.
ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കനയ്യയുടെയും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയുടെയും കോണ്‍ഗ്രസ് പ്രവേശനം.