ന്യൂഡൽഹി
ജിഎസ്ടി നിരക്കുകൾ പുനർനിശ്ചയിക്കുന്നതിനും സ്ലാബുകളിൽ മാറ്റം വരുത്തുന്നതിനുമായി മന്ത്രിസമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ തലവനായ സമിതിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അംഗമാണ്. ബംഗാൾ ധനമന്ത്രി അമിത് മിത്ര, ഗോവ, ബിഹാർ, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജിഎസ്ടി കൗൺസിൽ അംഗങ്ങളും സമിതിയിലുണ്ട്. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.
ഒപ്പം ജിഎസ്ടിയിൽ പരിഷ്കാരം കൊണ്ടുവരാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ തലവനായ മറ്റൊരു സമിതിക്കും രൂപം നൽകി. തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആന്ധ്ര, ഒഡിഷ, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിൽ നിന്നുള്ള ജിഎസ്ടി കൗൺസിൽ അംഗങ്ങളും സമിതിയിലുണ്ട്. നിലവിലെ നികുതി നിരക്ക് യുക്തിസഹമാക്കുകയാകും ഈ സമിതിയുടെ ഉത്തരവാദിത്വം. നികുതി നിരക്കുകൾക്കൊപ്പം നികുതി സ്ലാബുകളിൽക്കൂടി മാറ്റം നിർദേശിക്കാനാണ് ബാലഗോപാൽ ഉൾപ്പെടുന്ന സമിതിയോട് ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പൂജ്യം, അഞ്ച്, 12, 18, 28 എന്നീ അഞ്ച് നികുതി സ്ലാബുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് 28 ശതമാനത്തിന് പുറമേ സെസുമുണ്ട്. വിലപിടിപ്പുള്ള കല്ലുകൾ, വജ്രം എന്നിവയ്ക്ക് പ്രത്യേക നികുതി നിരക്കാണ്.
നാലു വർഷംമുമ്പ് ജിഎസ്ടി നടപ്പാക്കുമ്പോൾ 15.5 ശതമാനമെന്ന റവന്യൂ ന്യൂട്രൽ നിരക്ക് വരുംവിധമാണ് ഇവ നിശ്ചയിച്ചിരുന്നത്. നികുതി നിരക്കുകളിലെ മാറ്റത്തെ തുടർന്ന് ശരാശരി നികുതി നിരക്ക് 11.6 ശതമാനത്തിലേക്ക് കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.