ബെര്‍ലിന്‍
ജര്‍മനിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ടിക്ക് (എസ്ഡിപി) മുന്‍തൂക്കം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചതുപോലെതന്നെ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) രണ്ടാം സ്ഥാനത്ത്. നാലു തവണയായി 16 വർഷം ഭരിച്ച അംഗല മെർക്കൽ പടിയിറങ്ങും.
പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച് എസ്ഡിപി 25.7 ശതമാനം വോട്ടും മെര്‍ക്കലിന്റെ സിഡിയു 24.1 ശതമാനം വോട്ടും നേടി. ഇടതുപക്ഷ പരിസ്ഥിതി വാദികളുടെ പാര്‍ടിയായ ഗ്രീന്‍ പാര്‍ടി 14.8 ശതമാനം വോട്ട് നേടി. ഫ്രീ ഡെമോക്രാറ്റിക് പാര്‍ടി (എഫ്ഡിപി) 11.5 ശതമാവും ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 10.5 ശതമാനവും ദി ലിങ്ക് 4.9 ശതമാനവും വോട്ട് നേടി.
2017ലെ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സും സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ടിയും സഖ്യം രൂപീകരിച്ച് മെര്‍ക്കലിന്റെ നേതൃത്വത്തില്‍ ഭരണം പിടിച്ചെങ്കിലും ഇത്തവണ മുന്നണിക്കുള്ള സാധ്യത ഇരുകൂട്ടരും തള്ളി.
ഗ്രീന്‍ പാര്‍ടിയെയും ദി ലിങ്ക് പാര്‍ടിയെയും എഫ്ഡിപിയെയും ഉള്‍പ്പെടുത്തിയുള്ള മുന്നണിക്കായിരിക്കും എസ്ഡിപി ശ്രമിക്കുക. വിജയിച്ചാല്‍ നിലവിലെ കൂട്ടുകക്ഷി സർക്കാരിൽ വൈസ് ചാൻസലറും ധനമന്ത്രിയുമായ ഒലാഫ് ഷോള്‍സ് ജര്‍മനിയുടെ പുതിയ ചാൻസലർ ആകും.