ന്യൂഡൽഹി
ഭാരത ബന്ദ് ചരിത്രവിജയമാക്കിയവർക്ക് അഖിലേന്ത്യാ കിസാൻസഭ അഭിനന്ദനം രേഖപ്പെടുത്തി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലും ബന്ദ് പൂർണമായി.യുപിയില് പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്ന പ്രകടനം അരങ്ങേറി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടോമറിന്റെ മണ്ഡലമായ മൊറേനയിലും ജനങ്ങൾ ആവേശകരമായി പ്രതികരിച്ചു. ലക്ഷ്യം കൈവരിക്കുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്ന സന്ദേശംകൂടിയാണ് ഇത്.പഞ്ചാബ്, ഹരിയാന, ത്രിപുര, കേരളം, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ ജനപിന്തുണ ലഭിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജാർഖണ്ഡ്, അസം, കർണാടകം, ഹിമാചൽപ്രദേശ്, മണിപ്പുർ, ഗുജറാത്ത് എന്നിവിടങ്ങളിലും സമരം വിജയമായി. ഗ്രാമീണമേഖലകളിൽപ്പോലും പ്രതിഷേധം അലയടിച്ചു. പശ്ചിമ ബംഗാളിലും ത്രിപുരയിലും പ്രതിഷേധക്കാർക്കുനേരെ പൊലീസ് അതിക്രമമുണ്ടായി. ട്രേഡ് യൂണിയനും നിരവധി പ്രതിപക്ഷ പാർടികളും ബന്ദിന് ഐക്യദാർഢ്യം രേഖപ്പെടുത്തി മുന്നോട്ട് വന്നു.
ചരിത്രവിജയം: സംയുക്ത കിസാൻ മോർച്ച
ഭാരത് ബന്ദ് ജനപങ്കാളിത്തത്താൽ ചരിത്ര വിജയമായതായി സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യമെങ്ങും അഭൂതപൂർവ പിന്തുണയാണ് ലഭിച്ചത്. ജനങ്ങൾ സ്വമേധയാ പങ്കാളികളായി. എവിടെയും അനിഷ്ടസംഭവങ്ങളില്ല. ബന്ദ് വിജയമാക്കിയതിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിക്കുന്നു.
പിന്തുണച്ച സംസ്ഥാന സർക്കാർ, ട്രേഡ്യൂണിയൻ, ബഹുജന സംഘടനകൾ, പ്രതിപക്ഷ പാർടികൾ തുടങ്ങിയവർക്ക് നന്ദി അറിയിക്കുന്നു. ബന്ദിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളിൽ ലക്ഷക്കണക്കിനാണ് പങ്കാളിത്തം.